
അനധികൃത കുടിയേറ്റത്തിനെതിരെ നിലപാട് കടുപ്പിക്കുന്ന ട്രംപിൻ്റെ നടപടികളിൽ മെക്സിക്കോക്ക് അതൃപ്തി. അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെടേണ്ട വിമാനത്തിന് മെക്സിക്കോയിലിറങ്ങാൻ അനുമതി നൽകിയില്ലെന്ന് റിപ്പോർട്ട്. രാജ്യത്തെ പൗരന്മാരെ സ്വാഗതം ചെയ്യുമെന്ന് മെക്സിക്കൻ വിദേശകാര്യമന്ത്രി പറയുമ്പോഴും നീരസം മെക്സിക്കോ പരസ്യമാക്കുകയാണ്.
അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായി പ്രചാരണം നടത്തിക്കൊണ്ടാണ് അമേരിക്കൻ പ്രസിഡൻ്റ് പദവിയിലേക്ക് ഡോണൾഡ് ട്രംപ് എത്തുന്നത്. അധികാരത്തിലേറിയതിന് പിന്നാലെ എടുത്ത തീരുമാനമാണ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നതും. പെൻ്റഗണിൻ്റെ റിപ്പോർട്ട് പ്രകാരം നിലവിൽ രാജ്യത്ത് നിന്ന് 5000ത്തോളം പേരെയാണ് പുറത്താക്കാനൊരുങ്ങുന്നത്.
പതിവിന് വിപരീതമായി സൈനിക വിമാനങ്ങളിലാണ് ഇവരെ അതാത് രാജ്യത്തേക്ക് തിരികെയെത്തിക്കുന്നത്. എന്നാൽ മെക്സിക്കൻ കുടിയേറ്റക്കാർ കയറിയ സി-17 ഗതാഗത വിമാനം പറന്നുയർന്നില്ല. വിമാനത്തിന് മെക്സിക്കോ ലാൻഡിങ്ങ് അനുവാദം നൽകിയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേ സമയം 160 പൗരന്മാരെയാണ് അമേരിക്ക തിരികെ ഗ്വാതെമാലയിൽ എത്തിച്ചത്.
അമേരിക്കയുമായി മികച്ച ബന്ധമാണുള്ളതെന്നും കുടിയേറ്റം ഉൾപ്പടെയുള്ള വിഷയങ്ങളിൽ സഹകരിക്കുമെന്നും മെക്സിക്കോ വിദേശകാര്യമന്ത്രാലം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വന്തം ജനതയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രാലയം വിമാനത്തിന് ലാൻഡിങ്ങിന് അനുമതി നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്.
അധികാരമേറ്റെടുത്തതിന് പിന്നാലെ മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലും 1500ൽപരം അധിക സൈനികരെ നിയോഗിക്കുന്നതിലും മെക്സിക്കോക്ക് നീരസമുണ്ടെന്ന് തന്നെയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.