
മെക്സിക്കൻ പ്രസിഡൻ്റായുള്ള അവസാന വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകന് വാച്ച് സമ്മാനിച്ച് പ്രസിഡന്‍റ് ആന്ദ്രേസ് മാന്വൽ ലോപസ്. ആഡംബര വാച്ചിന്‍റെ പേരിൽ ഫിഡൽ കാസ്ട്രോ വരെ വിവാദത്തിലുള്ള ചരിത്രമുള്ളപ്പോഴാണ് ഒരേ വാച്ച് മാത്രം ധരിച്ച് ദിവസവും രാവിലെ വാർത്താ സമ്മേളനം നടത്തി ലോപസ് വേറിട്ടു നിന്നത്.
മനനേറോ എന്ന സ്പാനിഷ് വാക്കിന്‍റെ അർത്ഥം സുപ്രഭാതം എന്നാണ്. എല്ലാദിവസവും രാവിലെ മാധ്യമങ്ങളെ കണ്ട് അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് ജോലി ആരംഭിക്കുന്ന പരിപാടിക്ക് മെക്സിക്കോയുടെ പ്രസിഡന്‍റ് ഇട്ടിരുന്ന പേരും അതു തന്നെ ആയിരുന്നു. ആറാം വർഷത്തിലെ അവസാന മനനേറോയ്ക്ക് എത്തുമ്പോൾ നിറഞ്ഞ ചിരിയോടെയായിരുന്നു മാന്വൽ ലോപസ് എത്തിയത്.
ALSO READ: 'ചെയ്തത് തെറ്റ്, വലിയ വില നൽകേണ്ടി വരും'; ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു
അധികാരമേറ്റ ദിവസം രാവിലെ പ്രഖ്യാപിച്ചതാണ് പ്രസിഡന്‍റ് സ്ഥാനത്ത് ഉള്ളകാലത്തോളം എന്നും മാധ്യമങ്ങളെ കാണും എന്നത്. മെക്സിക്കോയിൽ ഉള്ളപ്പോൾ അവിടെവച്ചും പുറത്തുപോകുമ്പോൾ അവിടെവച്ചും ആറുവർഷവും മുടക്കിയില്ല. അതായിരുന്നു ചിരിയുടെ ഒന്നാമത്തെ കാരണം. രണ്ടാമത്തേത് മാധ്യമപ്രവർത്തകർക്കും അമ്പരപ്പായിരുന്നു. സ്വന്തം കയ്യിലെ വാച്ചായിരുന്നു ആ കാരണം.
മാന്വൽ ലോപസ് ആ വാച്ച് അഴിച്ച് ഒരു പ്രഖ്യാപനം നടത്തി. നിങ്ങളിൽ ഒരാൾക്ക് ഇതു നറുക്കിട്ടു തരികയാണ്. കഴിഞ്ഞ ആറുവർഷവും എല്ലാ ദിവസവും കെട്ടിയിരുന്നത് ഈ ഒരു വാച്ചായിരുന്നു. ഇങ്ങനെ വാച്ച് നൽകുമ്പോൾ അതു മുഴുവൻ മാധ്യമങ്ങൾക്കുമുള്ള ഒരു കൊട്ടുകൂടിയായിരുന്നു. പ്രസിഡൻ്റുമാരുടെ ആഡംബരം ലാറ്റിൻ അമേരിക്കയിൽ പുറത്തുവന്നിരുന്നത് വാച്ച് വാർത്തകളിലൂടെയായിരുന്നു. പ്രസിഡൻ്റുമാരുടെ ഘടികാരത്തിന്‍റെ വില ചൂഴ്ന്നെടുത്തുവാർത്തയാക്കുന്നത് അവിടെ നാട്ടുനടപ്പായിരുന്നു. ആറുവർഷവും ലോപസിന്‍റെ വാച്ച് വാർത്തയായില്ല. കാരണം അതു രണ്ടായിരം പെസോ മാത്രമുള്ള അത്ര ആഡംബരമില്ലാത്ത വാച്ചായിരുന്നു. അതാണ് നറുക്കിട്ട് മാധ്യമപ്രവർത്തകർക്കു തന്നെ നൽകിയത്.
മുമ്പ് മെക്സിക്കൻ സിറ്റി മേയർ ആയിരിക്കെ ലോപസ് തന്നെ ടെഫനി വാച്ചുകൾ ധരിച്ചത് വിവാദമായിരുന്നു. പെറുവിലെ പ്രസിഡൻ്റിൻ്റെ റോളക്സ് വാച്ചുകളുടെ ശേഖരവും വലിയ വിവാദമായി. വെനസ്വലേ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയും ആഡംബരവാച്ചിൽ തിളക്കംപോയ ആളാണ്. മോസ്കോയിലെയും ക്യൂബയിലെയും സമയം അറിയുന്നതിനായി ഫിഡൽ കാസ്ട്രോ രണ്ട് റോളക്സ് വാച്ചുകളാണ് ഒരേ കൈയ്യിൽ ധരിച്ചിരുന്നത്. അതു പലപ്പോഴും വിമർശിക്കപ്പെട്ടു.
ലോപസിന്‍റെ പിൻഗാമിയായി ക്ലോഡിയ ഷെയ്ൻബോം ചുമതലയേറ്റത് ചൊവ്വാഴ്ചയാണ്. ക്ലോഡിയയുടെ വാച്ചിനെക്കുറിച്ചു വിവരമൊന്നും പുറത്തുവന്നില്ലെങ്കിലും വാർത്താ സമ്മേളനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി. ദിവസവും വേണമെങ്കിൽ മാധ്യമങ്ങളെ കണ്ടു പറയാനുള്ളത് പറയാം. പക്ഷേ ലോപസിനെപ്പോലെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നിന്നു തരില്ല എന്നായിരുന്നു ആ പ്രതികരണം.