
കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേൽ ഷാജിയുടെ മരണത്തിൽ ഡയാറ്റം ടെസ്റ്റ് നടക്കുന്നു. ഗോശ്രീ പാലത്തിനടിയിൽ സ്കൂബ ടീമിനെ ഉപയോഗിച്ചാണ് ടെസ്റ്റ് നടത്തുന്നത്. ഹൈക്കോടതി നിർദേശപ്രകാരം മിഷേൽ മരിച്ചെന്ന് സംശയിക്കുന്ന സ്ഥലത്താണ് ടെസ്റ്റ്. സ്കൂബാ ടീം സാമ്പിളുകൾ ശേഖരിക്കുന്ന ദൃശ്യം ന്യൂസ് മലയാളത്തിന് ലഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. ഫയർഫോഴ്സിന്റെ സ്കൂബാ ടീമാണ് കായലിൽ മുങ്ങി പരിശോധന നടത്തുന്നത്.
മിഷേലിന്‍റെ പിതാവ് ഷാജി സമർപ്പിച്ച ഹർജിയിൽ മരണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിശദമായി പരിശോധിക്കാനുള്ള ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. മകളെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണ് എന്നായിരുന്നു മിഷേലിന്‍റെ മാതാപിതാക്കളുടെ ആരോപണം. കേസ് സിബിഐ ഏറ്റെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മിഷേലിന്‍റേത് മുങ്ങിമരണം ആണെന്ന ക്രൈബ്രാഞ്ചിന്‍റെ കണ്ടെത്തലിനോട് യോജിച്ച കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി തള്ളിക്കളയുകയായിരുന്നു.
2017 മാർച്ച് ആറിനാണ് സി.എ. വിദ്യാർഥിയായിരുന്ന മിഷേലിന്‍റെ മൃതദേഹം കൊച്ചി കായലില്‍ നിന്നും കണ്ടെടുക്കുന്നത്. സംഭവത്തിന് തലേദിവസം കലൂർ പള്ളിയില്‍ പ്രാർഥിച്ചതിനു ശേഷം മിഷേല്‍ ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യം ലോക്കല്‍ പൊലീസും, പിന്നീട് ക്രൈ ബ്രാഞ്ചും കൊലപാതകത്തിന്‍റെ സാധ്യതകള്‍ തള്ളിക്കളയുകയായിരുന്നു. മിഷേലിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് സുഹൃത്തായ പിറവം സ്വദേശി ക്രോണിന്‍ അലക്സാണ്ടർ ബേബിക്കെതിരെ കേസെടുത്തിരുന്നു.