സംഭവത്തില്‍ സ്ഥലം എംഎല്‍എയോടും ഉന്നത ഉദ്യോഗസ്ഥരോടും സംസാരിച്ചതായും മന്ത്രി
മലപ്പുറം കാളികാവില്‍ കടുവാ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി എ.കെ ശശീന്ദ്രന്‍. സംഭവത്തില്‍ സ്ഥലം എംഎല്‍എയോടും ഉന്നത ഉദ്യോഗസ്ഥരോടും സംസാരിച്ചതായും മന്ത്രി അറിയിച്ചു.
കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം ഇന്നു തന്നെ കൈമാറും. കടുവയെ പിടിക്കലാണ് അടുത്ത ദൗത്യം. നേരത്തെ സ്ഥലത്ത് കടുവയെ കണ്ടപ്പോള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചിരുന്നു. അടുത്ത കാലത്ത് ഇവിടെ കടുവയുടെ സാന്നിധ്യമില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Also Read: കാളികാവിലെ കടുവാ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം
കടുവയെ പിടികൂടാനുള്ള സംഘത്തില്‍ ഡോ. അരുണ്‍ സക്കറിയയും ഉണ്ട്. അരുണ്‍ സക്കറിയ ഉള്‍പ്പെട്ട സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് ടാപ്പിങ് തൊഴിലാളിയായ പാറശേരി സ്വദേശി ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജോലിക്ക് പോയ ഗഫൂറിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വനം വകുപ്പ് ആര്‍ആര്‍ടി സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഗഫൂറിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ വനംവകുപ്പും നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയുമാണ് നല്‍കുക.
കടുവയെ കണ്ടെത്തി മയക്കുവെടി വെക്കാന്‍ 25 അംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.