
തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെട്ടത് സർക്കാർ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി ജി.ആർ അനിൽ. ജനങ്ങൾ വലിയ രീതിയിൽ ബുദ്ധിമുട്ടിയെന്നത് യാഥാർഥ്യമാണ്. ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ജലവിതരണത്തിലുണ്ടായ പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് വി.കെ. പ്രശാന്ത് എംഎൽഎയും പറഞ്ഞു. അരുവിക്കര ഷട്ട് ഡൗൺ ചെയ്തത് ഉദ്യോഗസ്ഥ വീഴ്ചയാണ്. ഉയർന്ന മേഖലകളിൽ വെള്ളമെത്താൻ സമയം എടുക്കും. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകും. സർക്കാർ അന്വേഷിക്കാൻ തയാറാകണമെന്നും എംഎൽഎ പറഞ്ഞു.
ജലവിതരണം ഭാഗികമായി പുനഃസ്ഥാപിച്ചതായി കോർപ്പറേഷൻ അറിയിച്ചു. ആറ്റുകാൽ, ഐരാണിമുട്ടം എന്നിവടങ്ങളിൽ കുടിവെള്ളമെത്തി. ഇന്ന് ഉച്ചയോടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തലസ്ഥാനത്ത് കുടിവെള്ള പ്രതിസന്ധി തുടങ്ങിയിട്ട് അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. നഗരത്തിലെ അഞ്ച് ലക്ഷത്തോളം ജനങ്ങളാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിയത്. ഞായറാഴ്ച രാത്രി 10 മണിയോടെ പൈപ്പ് ശരിയാക്കി പമ്പിങ് തുടങ്ങിയിരുന്നെങ്കിലും പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.
പ്രശ്നം പൂർണമായി പരിഹരിക്കുന്നതുവരെ 50 വാഹനങ്ങളിൽ കോർപ്പറേഷൻ പരിധിയിൽ ജലവിതരണം നടത്തുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചിരുന്നു. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച് റോഷി അഗസ്റ്റിനും രംഗത്തെത്തിയിരുന്നു. രാത്രിയോടെ വെള്ളം എത്തുമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും വാക്ക് പാഴായി. ഇതോടെ തലസ്ഥാനത്തെ കോർപ്പറേഷൻ പരിധിയിലെ പ്രഫഷണൽ കോളെജുകളുൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. അവധി പ്രഖ്യാപിച്ച സ്കൂളുകളിൽ നടത്താനിരുന്ന ഓണപ്പരീക്ഷ 13 ന് നടത്തും.
തിരുവനന്തപുരം-കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് നഗരത്തിൽ കുടിവെള്ളം മുടങ്ങിയത്. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചിരുന്നത്.