"മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകൾ പഠിപ്പിക്കുന്നത്, മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണം"

സമാനരീതിയിൽ ക്രിസ്തുമതത്തിൽ സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല, ബൈബിൾ ആണെന്നും മന്ത്രി പറഞ്ഞു
"മതങ്ങളെ ഭിന്നിപ്പിച്ചു  കാണാനല്ല മദ്രസകൾ പഠിപ്പിക്കുന്നത്, മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണം"
Published on



മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ്റെ നീക്കം അപകടകരമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളിൽ പഠിപ്പിക്കുന്നതെന്നും കുട്ടികൾക്ക് അറിവ് നൽകുന്നതാണ് മദ്രസകളെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ രാജ്യന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.

കുട്ടികൾക്ക് ആത്മീയ അറിവ് ആദ്യമായി ലഭിക്കുന്നത് മദ്രസകളിൽ നിന്നാണ്. മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളിൽ പഠിപ്പിക്കുന്നത്. ചെറിയ കുഞ്ഞുങ്ങൾക്ക് ഖുർആൻ്റെ അറിവ് നൽകുന്നതാണ് മദ്രസകൾ. സമാനരീതിയിൽ ക്രിസ്തുമതത്തിൽ സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല, ബൈബിൾ ആണെന്നും മന്ത്രി പറഞ്ഞു . അള്ളാഹു നൽകുന്ന സന്ദേശങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും ഗണേഷ്‌കുമാർ കൂട്ടിച്ചേർത്തു.

രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ശുപാര്‍ശ ചെയ്ത് സംസ്ഥാനങ്ങൾക്ക് കത്തയച്ചിരിക്കുകയാണ് കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുങ്കോ. ദേശീയ ബാലാവകാശ കമ്മീഷന്‍റെ കത്തിനൊപ്പമുള്ള റിപ്പോർട്ടില്‍ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവതരമായ പരാമർശങ്ങളുണ്ടായിരുന്നു. 'കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ വേഴ്‌സസ് മദ്രസകള്‍' എന്ന റിപ്പോര്‍ട്ടാണ് കത്തിന് ഒപ്പം ചേർത്തിരിക്കുന്നത്.

മദ്രസകൾ മതേതര മൂല്യങ്ങൾ പാലിക്കുന്നില്ല, ഭരണഘടനാ ലംഘനമടക്കമുള്ള ഗുരുതരമായ കാര്യങ്ങൾ മദ്രസകളിൽ അരങ്ങേറുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. ദേശീയ ബാലാവകാശ കമ്മീഷൻ തയ്യാറാക്കിയ 71 പേജുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ചുവട് പിടിച്ചുള്ള നിർദേശങ്ങളാണ് കമ്മീഷൻ മുന്നോട്ട് വെക്കുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com