"ചാമ്പ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിച്ചിട്ടില്ല, തീരുമാനം പുനഃപരിശോധിക്കും" -മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നേരത്തെ സിബിഎൽ റദ്ദാക്കിയത്
"ചാമ്പ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിച്ചിട്ടില്ല, തീരുമാനം പുനഃപരിശോധിക്കും" -മന്ത്രി മുഹമ്മദ് റിയാസ്
Published on



ചാമ്പ്യൻസ് ബോട്ട് ലീഗ്(സിബിഎൽ) ഉപേക്ഷിച്ചിട്ടില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് മുഹമ്മദ് റിയാസിന്‌റെ അധ്യക്ഷതയില്‍ ചേർന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി(എന്‍ടിബിആര്‍) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചാമ്പ്യൻസ് ബോട്ട് ലീഗ് റദ്ദാക്കിയ തീരുമാനം പുന:പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നേരത്തെ സിബിഎൽ റദ്ദാക്കിയത്. എന്നാൽ പുതിയ ചർച്ചകൾ നടത്തി സിബിഎൽ സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.

നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന 28ന് മുന്‍പുതന്നെ സിബിഎല്‍ നടത്തുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നായിരുന്നു ക്ലബുകളുടെ ആവശ്യം. തുഴച്ചിലുകാരുടെ പരിശീലനത്തിനടക്കം ലക്ഷങ്ങളാണ് ഇതിനോടകം ക്ലബുകൾ ചെലവഴിച്ചത്. സിബിഎൽ ഉപേക്ഷിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് വള്ളംകളി സംരക്ഷണ സമിതി നിരന്തരം ആവശ്യപ്പെട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും നെഹ്റു ട്രോഫിയിൽ ആവേശ തുഴയെറിയാൻ ക്ലബുകൾ അവസാനഘട്ട തയ്യാറെടുപ്പിലാണ്.

യോഗ്യത സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ സിബിഎല്‍ യോഗ്യതാമത്സരമായ നെഹ്‌റുട്രോഫി നടക്കുന്നതിന് മുൻപായി വിഷയത്തില്‍ അന്തിമനിലപാട് അറിയിക്കണമെന്നും ക്ലബുകള്‍ ആവശ്യപ്പെടുന്നുണ്ട്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com