തൃശൂർ പൂരം വിഷയത്തിലടക്കം അഡ്ജസ്റ്റ്‌മെൻ്റ് നടന്നുവെന്ന് ആരോപിച്ചവർക്ക് ഇതിൽ എന്താണ് പറയാനുള്ളതെന്നും റിയാസ് ചോദിച്ചു
മാസപ്പടി കേസിൽ വീണ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്തതിൽ പുതിയതായി ഒന്നുമില്ല എന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് പറഞ്ഞതാണെന്നും അതിനപ്പുറത്തേക്ക് പറയാനൊന്നും ഇല്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. തൃശൂർ പൂരം വിഷയത്തിലടക്കം അഡ്ജസ്റ്റ്‌മെന്റ് നടന്നുവെന്ന് ആരോപിച്ചവർക്ക് ഇതിൽ എന്താണ് പറയാനുള്ളതെന്നും റിയാസ് ചോദിച്ചു.
വീണവിജയനെതിരായ കേസിലും സമാന വിഷയങ്ങളിലും രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് നേരത്തെ ചർച്ച ചെയ്തതാണ്. അന്ന് തന്നെ പാർട്ടിയുടെ നിലപാട് പറയുകയും ചെയ്തിരുന്നു. ആ നിലപാടിൽ പാർട്ടി ഉറച്ച് നിൽക്കുന്നെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: മാസപ്പടി കേസിൽ നിർണായക നടപടി; വീണ വിജയൻ്റെ മൊഴിയെടുത്ത് SFIO
അതേസമയം, ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന പ്രഹസനം മാത്രമാണ് ഇപ്പോൾ നടക്കുന്ന കേസ് അന്വേഷണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രസ്താവന. ബിജെപിയും സിപിഎമ്മും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുകയാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമം മാത്രമാണ് ഈ അന്വേഷണത്തിൻ്റെ ലക്ഷ്യമെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത് തന്നെ എല്ലാവരേയും രക്ഷിക്കാനായാണ്. ഒരു കേന്ദ്ര ഏജൻസിയും പിണറായി വിജയനെതിരെ ഒരു അന്വേഷണവും നടത്തില്ല. കരുവന്നൂരിലും തെരഞ്ഞെടുപ്പിന് മുൻപ് സമാന സംഭവങ്ങൾ നടന്നിരുന്നരുന്നെന്നും ഇഡി അന്വേഷണം നടന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്ന് എക്സാലോജിക് സൊലൂഷൻസ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് എസ്എഫ്ഐഒ അന്വേഷണം. 1.72 കോടി രൂപ വ്യാജ കൺസൾട്ടൻസിയിലൂടെ തട്ടിയെടുത്തു എന്നാണ് വീണയുടെ കമ്പനിക്കെതിരെയുള്ള കുറ്റം. ഐടി അനുബന്ധ സേവനങ്ങൾക്കാണ് പണം നൽകിയതെന്നാണ് സിഎംആർഎല്ലിൻ്റേയും എക്സാലോജിക്കിൻ്റേയും വാദം.