എലപ്പുള്ളി മദ്യനിര്‍മാണ ശാലയ്ക്ക് വേണ്ടിയല്ല ചട്ട ഭേദഗതി; തദ്ദേശ വകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹം: പി. രാജീവ്

വിമര്‍ശനം പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമല്ലേ. ഇനിയും ചില മാറ്റങ്ങള്‍ വരാനുണ്ടെന്നും മന്ത്രി പറഞ്ഞു.
എലപ്പുള്ളി മദ്യനിര്‍മാണ ശാലയ്ക്ക് വേണ്ടിയല്ല ചട്ട ഭേദഗതി; തദ്ദേശ വകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹം: പി. രാജീവ്
Published on


എലപ്പുള്ളിയിലെ മദ്യ നിര്‍മാണശാലയ്ക്ക് വേണ്ടി ചട്ടം ഭേദഗതി ചെയ്‌തെന്ന ആരോപണത്തിന് മറുപടിയുമായി വ്യവസായ മന്ത്രി പി. രാജീവ്. ചട്ടഭേദഗതി ഏതെങ്കിലും കമ്പനിക്ക് വേണ്ടിയല്ലെന്നും വ്യവസായങ്ങള്‍ക്കായി ചട്ടങ്ങള്‍ ലഘുവാക്കണമെന്ന സര്‍ക്കാരിന്റെ പൊതു നിലപാടിന്റെ ഭാഗമാണിതെന്നും പി. രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കാറ്റഗറി 1 ഭേദഗതി വളരെ നേരത്തെ തന്നെ ചര്‍ച്ച ചെയ്തതാണ്. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു രൂപരേഖ തയ്യാറാക്കി. ബന്ധപ്പെട്ട മന്ത്രിമാരുമായി ചര്‍ച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. മാറ്റം വരുത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത് പൊതുവെയുള്ള സമീപനമാണെന്നും മന്ത്രി പറഞ്ഞു. ഒരു സ്ഥാപനത്തിന് വേണ്ടിയല്ല തീരുമാനം. പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കാണുന്നതിന് വേണ്ടിയാണ്. വിമര്‍ശനം പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമല്ലേ. ഇനിയും ചില മാറ്റങ്ങള്‍ വരാനുണ്ടെന്നും മന്ത്രി പറഞ്ഞു.

വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍പ്പെടുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്തിന്റെ അനുമതി ലഭിക്കേണ്ട ആവശ്യമില്ല, പകരം രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും സംരംഭം ഉള്ള കാര്യം പഞ്ചായത്ത് അറിഞ്ഞാല്‍ മതിയെന്നുമായിരുന്നു എംബി രാജേഷ് പറഞ്ഞത്. എന്നാല്‍ എലപ്പുള്ളിയിലേത് കാറ്റഗറി ഒന്നില്‍പ്പെടുന്നതാണോ എന്ന് നോക്കിയാലേ പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.


തദ്ദേശസ്വയംഭരണ വകുപ്പുകളിലും ചട്ടങ്ങളിലും സമഗ്രമായ പരിഷ്‌കാരങ്ങളാണ് വരുത്തിയിട്ടുള്ളത്. നിക്ഷേപ അന്തരീക്ഷത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരങ്ങള്‍. പഞ്ചായത്തുകളില്‍ ഏപ്രിലില്‍ കെ സ്മാര്‍ട്ട് നടപ്പിലാക്കുമെന്നും എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഉള്‍പ്പെടെയാണ് മാറ്റം വരിക. തദ്ദേശ അദാലത്തുകളിലൂടെ പൊതു ഉത്തരവുകള്‍ പുറത്തിറക്കി. നിര്‍ണായക പൊതു തീരുമാനങ്ങള്‍ അദാലത്തുകളില്‍ കൈക്കൊണ്ടു. 47 പരിഷ്‌കരണങ്ങളാണ് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിച്ചത്. നിക്ഷേപ അന്തരീക്ഷത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കരണം. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് 60 ശതമാനം കുറച്ചു. ഏപ്രിലില്‍ പഞ്ചായത്തുകള്‍ കൂടി കെ-സ്മാര്‍ട്ട് നടപ്പിലാക്കും.

ലൈസന്‍സ് ചട്ടങ്ങളിലും സമഗ്രമായ മാറ്റങ്ങളുണ്ട്. നിയമവിധേയമായ ഏത് സംരംഭത്തിനും തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരും. വീടുകളില്‍ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പ്രോത്സാഹനം നല്‍കും. സൂക്ഷ്മ സംരംഭങ്ങള്‍ക്ക് വായ്പ എടുക്കാന്‍ പ്രയാസമാണ്. തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ലൈസന്‍സ് ലഭിക്കുന്നതോടെ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ബാങ്കുകളില്‍നിന്ന് വായ്പ എടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com