നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്
ആർ. ബിന്ദു
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് അത്യന്തം അപലപനീയം എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. ന്യായമായ സഹായം നൽകില്ലെന്ന സമീപനം നിരുത്തരവാദപരമാണെന്നും പ്രതിഷേധാർഹമാണെന്നും മന്ത്രി അറിയിച്ചു. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്ര നിലപാട്.
"കേരളത്തോടുള്ള പ്രതികാരാത്മക മനോഭാവമാണിത്. പല അനുഭവങ്ങളിലൂടെ അത് വ്യക്തമാണ്. ഏറ്റവും പുതിയ അധ്യായമാണ് ഇത്. കേരളത്തോടും കേരളീയരോടുമുള്ള വെല്ലുവിളിയും സമര പ്രഖ്യാപനവുമാണിത്, " ആർ. ബിന്ദു പറഞ്ഞു.
വയനാട് ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ സംഭവിച്ച ഉരുള്‍പൊട്ടല്‍ എസ്‌ഡിആർഎഫ്/എന്‍ഡിആർഎഫ് മാർഗനിർദേശങ്ങൾ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കത്തിലൂടെ അറിയിക്കുകയായിരുന്നു. വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിനു മറുപടി നല്‍കുകയായിരുന്നു കേന്ദ്ര മന്ത്രി.
Also Read: വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ
2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് 388 കോടി രൂപ മുൻകൂറായി നൽകിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ 394.99 കോടി രൂപയുടെ നീക്കിയിരുപ്പുണ്ടെന്ന് എജി അറിയിച്ചതായും കേന്ദ്രം കൂട്ടിച്ചേർത്തു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മന്ത്രിതല സംഘത്തെ പഠനത്തിനായി നിയോഗിച്ചുവെന്നും ഇവരില്‍ നിന്നും ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിച്ചുവെന്നും കത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കി.
കേന്ദ്രം നയം വ്യക്തമാക്കിയതിനു പിന്നാലെ, വയനാടിൻ്റെ ന്യായമായ ആവശ്യങ്ങൾ നേടാനായി ആരുമായും സഹകരിച്ച് പ്രതിഷേധമുയർത്താൻ തയ്യാറാണെന്ന് മുസ്ലീം ലിഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി അറിയിച്ചു. ദുരന്തമുഖത്ത് രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്രമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രഖ്യാപനം അല്ലാതെ കേന്ദ്രം ഒരു സഹായവും ഇതുവരെ നൽകിയിട്ടില്ല. കേരളത്തിന് അർഹമായത് നേടുന്നതിനുള്ള പോർമുഖം കേന്ദ്ര നിലപാടിനെതിരായി തുറക്കുമെന്നും മുസ്സിം ലീഗ് നേതാവ് പറഞ്ഞു.