വിദ്യാർഥികളെ പാസാക്കുന്നതിൽ രണ്ടുപക്ഷം; അരിച്ചു പെറുക്കി തോൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി: എല്ലാവരേയും പാസാക്കേണ്ടെന്ന് സ്പീക്കർ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടന വേദിയിലാണ് ഇരുവരുടെയും പരാമർശം
വിദ്യാർഥികളെ പാസാക്കുന്നതിൽ രണ്ടുപക്ഷം; അരിച്ചു പെറുക്കി തോൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി: എല്ലാവരേയും പാസാക്കേണ്ടെന്ന് സ്പീക്കർ
Published on


വിദ്യാർഥികളെ കൂട്ടത്തോടെ പാസാക്കുന്നതിൽ വ്യത്യസ്ത അഭിപ്രായവുമായി മന്ത്രി വി ശിവൻ കുട്ടിയും സ്പീക്കർ എ എൻ ഷംസീറും.ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകൾ അധ്യാപകർ വിലയിരുത്തി കുട്ടികൾക്ക് കൊടുത്തുവിടണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

ഉത്തരക്കടലാസുകൾ മറിച്ചു നോക്കാത്ത അധ്യാപകർ ഉണ്ട്. എട്ടാം ക്ലാസിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ല. മിനിമം മാർക്ക് ഏർപ്പെടുത്തുന്നത് വിദ്യാർഥികളെ തോൽപിക്കാൻ ലക്ഷ്യമിട്ടല്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. മാർക്ക് കുറവുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിൽ പിന്തുണ നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

അതേസമയം, എല്ലാ വിദ്യാർത്ഥികളെയും പാസാക്കേണ്ട കാര്യമില്ലെന്നായിരുന്നു സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രതികരണം. അക്ഷര പരിചയവും അക്കാദമിക് പരിചയവും ഉള്ളവരെ മാത്രമേ ജയിപ്പിക്കേണ്ടതുള്ളൂവെന്നും സ്പീക്കർ പറഞ്ഞു. സ്‌കൂളുകളിൽ ശനിയാഴ്ച ക്ലാസ് വെച്ചാൽ എന്താണ് പ്രശ്നം. എത്ര അധ്യാപകർ ഇത് അംഗീകരിക്കും. പ്ലസ് വൺ അഡ്മിഷൻ കിട്ടാത്തപ്പോൾ വിദ്യാർഥികൾ പരാതിയുമായി വരുന്നു. പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിലും എ പ്ലസ്. മത്സര പരീക്ഷകളിൽ നമ്മുടെ കുട്ടികളുടെ സ്ഥിതി എന്തെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകർ സ്വന്തം ദൗത്യം പൂർത്തീകരിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം. കൂടുതൽ വിവാദത്തിനില്ല എന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടന വേദിയിലാണ് ഇരുവരുടെയും പരാമർശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com