ജൻ ഔഷധി ഉൾപ്പടെയുള്ള മെഡിക്കൽ ഷോപ്പുകൾ ഇത്തരത്തിൽ അനാസ്ഥ കാണിക്കുന്നുവെന്നത് ഗുരുതരമായ സാഹചര്യമാണ്
കൊച്ചിയിലെ അനധികൃത മരുന്ന് വിൽപ്പനയിൽ ഇടപെട്ട് ആരോഗ്യ വകുപ്പ്. നിയമം ലംഘിച്ച് ആന്‍റി ബയോട്ടിക്കുകളും സൈക്കോട്രോപിക് ഡ്രഗുകളും വില്‍ക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വീണ ജോർജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ന്യൂസ് മലയാളം പുറത്തുവിട്ട വാർത്തകളുടെ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷൻ അമൃത് നടപ്പിലാക്കിയിട്ടും, ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് സഭയിൽ മന്ത്രി വ്യക്തമാക്കിയിട്ടും കൊച്ചിയിൽ ആന്‍റി ബയോട്ടിക്കുകളുടെ അനധികൃതമായ വിൽപ്പന വലിയ തോതില്‍ നടക്കുന്നുവെന്ന വാർത്ത ന്യൂസ് മലയാളമാണ് പുറത്ത് വിട്ടത്. ആന്‍റി ബയോട്ടിക്കുകളുടെയും മാനസിക അനാരോഗ്യ ചികിത്സക്കുള്ള സൈക്കോട്രോപിക് മരുന്നുകളുടെയും അനധികൃത വില്‍പ്പന തടയാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമെന്ന് മന്ത്രി വ്യക്തമാക്കി. പൊതുജനങ്ങൾക്ക് ഓൺലൈനായി പരാതി നൽകാനുള്ള വെബ് പോർട്ടൽ ഉൾപ്പടെ നിലവിലുണ്ട്. ന്യൂസ് മലയാളം പുറത്തുവിട്ട വാർത്തയുടെ ദൃശ്യങ്ങൾ പരിശോധിച്ച് വില്‍പ്പന നടത്തിയ മെഡിക്കൽ ഷോപ്പുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ജൻ ഔഷധി ഉൾപ്പടെയുള്ള മെഡിക്കൽ ഷോപ്പുകൾ ഇത്തരത്തിൽ അനാസ്ഥ കാണിക്കുന്നുവെന്നത് ഗുരുതരമായ സാഹചര്യമാണ്. സർക്കാർ തലത്തിൽ ഇടപെടൽ ശക്തമാക്കുന്നതിനൊപ്പം ഇത്തരം വില്‍പ്പനക്കെതിരെ ബോധവത്കരണം ആവശ്യമാണെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. ഇത്തരം വാർത്തകൾ സർക്കാരിനെയും സമൂഹത്തെയും ജാഗ്രതയോടെ പ്രവർത്തിക്കാൻ സഹായകരമാണെന്നും മന്ത്രി പറഞ്ഞു.
Also Read: EXCLUSIVE | മാനദണ്ഡങ്ങൾ നോക്കുകുത്തികൾ; സൈക്കോ ട്രോപിക് മരുന്നുകളും വ്യാപകമായി വിൽപ്പനയ്ക്ക്
എറണാകുളം നഗരത്തിലെ മെഡിക്കൽ ഷോപ്പുകൾ ഡോക്ടറുമാരുടെ കുറിപ്പടിയില്ലാതെ ആന്‍റി ബയോട്ടിക്കുകൾ വിൽപ്പന നടത്തുന്ന വാർത്ത കഴിഞ്ഞ ദിവസം ന്യൂസ് മലയാളം പുറത്തു വിട്ടിരുന്നു. ആന്‍റി ബയോട്ടിക്കുകൾ മാത്രമല്ല, ഷെഡ്യൂൾഡ് എച്ച് 1,എച്ച് 2 വിഭാഗത്തിൽ ഉൾപ്പെടുന്ന സെെക്കോട്രോപിക് മരുന്നുകളടക്കം എറണാകുളത്തെ മെഡിക്കൽ ഷോപ്പുകൾ യഥേഷ്ടം വിൽക്കുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപ്പന നടത്താൻ പാടില്ലാത്ത മരുന്നുകളാണിവ. കുറിപ്പടിയുണ്ടെങ്കിലും വിൽപ്പന നടത്തിയാൽ തന്നെ സെയിൽ ബില്ലിന്‍റെ കോപ്പി രണ്ട് വർഷത്തേക്ക് സൂക്ഷിക്കണം. ഇത്തരം മാനദണ്ഡങ്ങൾ നിലനിൽക്കുമ്പോഴും ജൻ ഔഷധി അടക്കമുള്ള മെഡിക്കൽ ഷോപ്പുകൾ അനധികൃത മരുന്നു വിൽപ്പന നടത്തുന്നത് വിഷയത്തെ കൂടുതൽ ഗുരുതരമാക്കുന്നു.