
എം എം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടു നൽകും. കേരളാ അനാട്ടമി ആക്ട് പ്രകാരമാണ് തീരുമാനം. ലോറൻസിൻ്റെ ആഗ്രഹം അതുതന്നെ ആയിരുന്നുവെന്ന സാക്ഷി മൊഴികളും പരിഗണിച്ചു. സാക്ഷി മൊഴികൾ കൃത്യവും വിശ്വാസയോഗ്യമെന്നും ഉപദേശക സമിതി പറഞ്ഞു.
മക്കളുടെ ഭാഗങ്ങൾ വിശദമായി കേട്ടുവെന്നും ഉപദേശക സമിതി അറിയിച്ചു. മകനൊപ്പം മറ്റു രണ്ടു പേരുടെ അനുകൂല മൊഴിയും രേഖപ്പെടുത്തി. മൃതദേഹം വിട്ടു കൊടുക്കുന്നതിൽ ആശ ലോറൻസ് മാത്രമാണ് എതിർവാദം ഉന്നയിച്ചത്. വൈദ്യപഠനത്തിന് വിട്ടു നൽകുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പ്രതാപ് സോമനാഥ് പറഞ്ഞു.
അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിൻ്റെ ഭൗതിക ശരീരം മെഡിക്കൽ കോളജിന് കൈമാറുന്നതിൽ എതിർപ്പുമായി ലോറൻസിൻ്റെ മകളായ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിതാവിൻ്റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെയാണ് ഹർജി സമർപ്പിച്ചത്. മൃതദേഹം ക്രിസ്ത്യന്‍ മതാചാരത്തോടുകൂടി സംസ്‌കരിക്കണം എന്ന് ആവശ്യപ്പെട്ട് മകള്‍ ആശ നൽകിയ ഹര്‍ജിയെ തുടർന്ന് നടപടിക്രമങ്ങൾ നിര്‍ത്തിവെച്ചിരുന്നു.
മക്കളുടെ അനുമതി പരിശോധിച്ച ശേഷം മെഡിക്കല്‍ കോളേജിന് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി തീരുമാനിച്ചത്. അതുവരെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എം.എം.ലോറന്‍സിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നതുമായി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അഡ്‌വൈസറി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൃതദേഹം വൈദ്യപഠനത്തിന് കൈമാറണമെന്ന തീരുമാനം പുറത്തു വിട്ടത്.