മോദി-ട്രംപ് കൂടിക്കാഴ്ച: "ഇന്ത്യക്ക് നല്‍കുന്ന സൈനിക സഹായം വര്‍ധിപ്പിക്കും"; മോദിയുമായുള്ള സൗഹൃദം തുടരുമെന്ന് ട്രംപ്

റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഭീകരവാദത്തിലും അനധികൃത കുടിയേറ്റത്തിലും നേതാക്കൾ നിലപാട് വ്യക്തമാക്കി.
മോദി-ട്രംപ് കൂടിക്കാഴ്ച: "ഇന്ത്യക്ക് നല്‍കുന്ന സൈനിക സഹായം വര്‍ധിപ്പിക്കും"; മോദിയുമായുള്ള സൗഹൃദം തുടരുമെന്ന് ട്രംപ്
Published on

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച പൂർത്തിയായി. വൈറ്റ് ഹൗസിൽ നടന്ന ഇരുവരുടെയും കൂടിക്കാഴ്ച രാജ്യം ഉറ്റുനോക്കുന്ന ഒന്നായിരുന്നു. ഇന്ത്യയും അമേരിക്കയുമായുള്ള സൗഹൃദം തുടരുമെന്നും ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഉണ്ടാക്കുമെന്നും ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഭീകരവാദത്തിലും അനധികൃത കുടിയേറ്റത്തിലും നേതാക്കൾ നിലപാട് വ്യക്തമാക്കി.


ട്രംപിൻ്റെ രണ്ടാമൂഴത്തിൽ വൈറ്റ് ഹൗസിലെത്തുന്ന നാലാമത്തെ ലോകനേതാവായിരുന്നു നരേന്ദ്ര മോദി. രാജ്യം ഉറ്റുനോക്കിയ കൂടിക്കാഴ്ചയിൽ നേതാക്കൾ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. റഷ്യ-യുക്രെയ്ൻ യുദ്ധവും അനധികൃത കുടിയേറ്റവും ഭീകരവാദം ഉൾപ്പടെയുളള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യക്ക് നിഷ്പക്ഷമായ ഒരു നിലപാടില്ലെന്നും ഈ കാലഘട്ടം യുദ്ധത്തിൻ്റേതല്ലെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ എപ്പോഴും സമാധാനത്തിനൊപ്പമാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കേണ്ടതാണെന്നും മോദിയും ട്രംപും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മോദിയുമായി സൗഹൃദം തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയപ്പോൾ ട്രംപുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും നരേന്ദ്ര മോദി പ്രതികരിച്ചു. ഇന്ത്യയും അമേരിക്കയും അടുത്ത സുഹൃത്തുക്കളായി തുടരുമെന്നും വാർത്ത സമ്മേളനത്തിൽ ഇരുനേതാക്കളും പറഞ്ഞു. അനധികൃത കുടിയേറ്റത്തിലും ഇന്ത്യ-അമേരിക്കയോട് സമാനമായ നിലപാടാണ് വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റം ഒരു ആഗോള പ്രശ്നമാണ്. ഇത് ഇന്ത്യയുടെ മാത്രം പ്രശ്നമല്ലെന്നുമായിരുന്നു വാർത്ത സമ്മേളനത്തിലെ മോദിയുടെ പ്രതികരണം.



ഭീകരവാദം സംബന്ധിച്ച വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും നിലപാട് നേതാക്കൾ വ്യക്തമാക്കി. മുൻ ബൈഡൻ ഭരണകൂടവുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ടായിരുന്നില്ലെന്നും എന്നാൽ വരും വർഷങ്ങളിൽ ഈ വിഷയത്തിലുൾപ്പടെ സഹകരണം ഉറപ്പാക്കുമെന്നും ട്രംപ് പറഞ്ഞു. ഇതിന് മുന്നോടിയെന്നോണം അമേരിക്കൻ ജയിലിലുള്ള മുബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുമെന്നും ട്രംപ് ഉറപ്പുനൽകി. വർഷങ്ങളായി ഇയാൾളെ വിട്ട് നൽകാനായി അമേരിക്കയോട് ആവശ്യപ്പെടുകയായിരുന്നു ഇന്ത്യ.

അതേസമയം കൂടിക്കാഴ്ചയിൽ നികുതി വിഷയത്തിൽ ധാരണയായില്ലെന്നാണ് റിപ്പോർട്ട്. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് അധിക ബാധ്യത നൽകുന്ന നികുതി നയം ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും മേൽ സമാനമായ തരത്തിൽ തിരിച്ചും നികുതി ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com