
ഇംഗ്ലീഷ് ഓൾറൗണ്ടർ മോയിൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്ന് അദ്ദേഹത്തെ തഴഞ്ഞിരുന്നു. "എനിക്ക് 37 വയസായിരിക്കുന്നു, ഈ മാസം നടക്കാനിരിക്കുന്ന പരമ്പരയിൽ ഞാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇനി വരും തലമുറയ്ക്കായുള്ള സമയമാണ്. ഇക്കാര്യം ബോർഡ് എന്നോടും വിശദീകരിച്ചു. എനിക്കും സമയമായെന്ന് തോന്നുന്നുണ്ട്, എൻ്റെ ദൗത്യം ഞാൻ പൂർത്തിയാക്കിയിരിക്കുന്നു," താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഗയാനയിൽ നടന്ന കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്കെതിരെയാണ് താരം അവസാനമായി കളിച്ചത്. മത്സരം ഇംഗ്ലണ്ട് തോറ്റിരുന്നു. 2014ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലൂടെയാണ് മോയിൻ അലി ഇംഗ്ലണ്ടിനായി ആദ്യ ഏകദിന മത്സരം കളിക്കുന്നത്. തൻ്റെ 10 വർഷത്തെ കരിയറിൽ രാജ്യത്തിനായി 138 ഏകദിനങ്ങളും 92 ടി20കളും അദ്ദേഹം കളിച്ചു.
അതേവർഷം തന്നെ ശ്രീലങ്ക ഇംഗ്ലണ്ട് സന്ദർശിച്ചപ്പോൾ, ലോർഡ്‌സിൽ മോയിൻ ടെസ്റ്റ് അരങ്ങേറ്റം നടത്തി. മൊത്തം 68 മത്സരങ്ങളിൽ അദ്ദേഹം ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു. മൂന്ന് ഫോർമാറ്റുകളിലുമായി ഇംഗ്ലണ്ടിനായി എട്ട് സെഞ്ചുറികളും, 28 അർധസെഞ്ചുറികളും ഉൾപ്പെടെ 6678 റൺസും, 366 വിക്കറ്റുകളും അദ്ദേഹം പൂർത്തിയാക്കി.
READ MORE: ഇന്ത്യൻ ക്രിക്കറ്റിൻ്റെ 'ജെൻ്റിൽമാൻ'; സഞ്ജുവിൻ്റെ കോച്ചായെത്തുന്ന രാഹുൽ ദ്രാവിഡിൻ്റെ ആസ്തി എത്രയാണ്?
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരമാണ് മൊയീൻ അലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും തുടർന്നും ഐപിഎൽ ഉൾപ്പെടെയുള്ള പ്രാദേശിക ടൂർണമെൻ്റുകളിൽ കളിച്ചേക്കുമെന്നാണ് വിവരം.