fbwpx
കിളിമാനൂരിലും സഹകരണത്തട്ടിപ്പ്; സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ പരാതി
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Oct, 2024 07:32 PM

സിപിഎം ഭരിക്കുന്ന ഏഴ് സഹകരണബാങ്കുകളിൽ ജീവനക്കാരുടെയും എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും സാലറി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സിപിഎം കിളിമാനൂർ ഏരിയ സെക്രട്ടറി ജയചന്ദ്രൻ തട്ടിപ്പ് നടത്തിയെന്നാണ് പരാതി

KERALA



തിരുവനന്തപുരം കിളിമാനൂരിൽ സഹകരണ സ്ഥാപനങ്ങളിൽ കോടികളുടെ തട്ടിപ്പ് നടന്നെന്ന് പരാതി. സിപിഎം ഭരിക്കുന്ന ഏഴ് സഹകരണബാങ്കുകളിൽ, ജീവനക്കാരുടെയും എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും സാലറി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സിപിഎം കിളിമാനൂർ ഏരിയ സെക്രട്ടറി ജയചന്ദ്രൻ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പാർട്ടി അനുഭാവികൾ തന്നെയാണ് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നൽകിയിരിക്കുന്നത്. ക്രമക്കേട് നടന്നെന്ന് ന്യൂസ് മലയാളത്തോട് സമ്മതിച്ചിരിക്കുകയാണ് ബാങ്ക് അധികൃതർ. 


പാർട്ടിക്ക് സ്വാധീനമുള്ള കിളിമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക്, കസ്തൂർബ സർവീസ് സഹകരണ ബാങ്ക്, പള്ളിക്കൽ, മടവൂർ, കൊടുവഴന്നൂർ, പഴയകുന്നുമ്മൽ സർവീസ് സഹകരണ ബാങ്കുകൾ, നാവായിക്കുളം ഫാർമേഴ്സ് സഹകരണ ബാങ്ക്, എന്നിവടങ്ങളിലാണ് തട്ടിപ്പ്  നടത്തിയത്.

ALSO READ: ഓഫീസ് സമയത്ത് കൂട്ടായ്മകളും കൾച്ചറൽ ഫോറങ്ങളും വേണ്ട; ഉത്തരവുമായി കേരള സർക്കാർ

പലവിധ സമ്മർദ തന്ത്രങ്ങളിലൂടെ കിളിമാനൂർ ഏരിയ സെക്രട്ടറി ജയചന്ദ്രൻ സാലറി സർട്ടിഫിക്കറ്റുകൾ കൈക്കലാക്കിയെന്നാണ് പരാതി. പിന്നീട് അതുപയോഗിച്ച് വിവിധ സഹകരണ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങൾ വായ്പയെടുത്തു. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമാണ് വായ്പയെടുത്തിരിക്കുന്നത്. കെഎസ്‌ടിഎ അടക്കമുള്ള സിപിഎം വർഗ ബഹുജന സംഘടനാ പ്രവർത്തകരാണ് തട്ടിപ്പിനിരയായതെന്നും പരാതിയിൽ പറയുന്നു. തിരിച്ചടവ് ഇല്ലാതെ വന്നതോടെ റിക്കവറി നടപടികൾ വന്നപ്പോഴാണ് തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്തുവന്നത്. നിലവിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഭീമമായ തുകയാണ് റിക്കവറി ചെയ്യാൻ തീരുമാനമായത്.

പാർട്ടി കീഴ്ഘടകങ്ങളിൽ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടാകാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ പാർട്ടി അനുഭാവികളും പ്രവർത്തകരും പരാതികളുമായി പാർട്ടി സംസ്ഥാന സെക്രട്ടറിയെ സമീപിച്ചത്. ഏരിയ സെക്രട്ടറി ജയചന്ദ്രനെ കൂടാതെ കമ്മിറ്റി അംഗം ആർ.കെ. ബൈജു, ലോക്കൽ സെക്രട്ടറി ഫത്‌ഹുദീൻ എന്നിവർക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്.

ALSO READ: കത്ത് വിവാദം: കോൺഗ്രസ് നേതാക്കളുടെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമെന്ന് പ്രതിപക്ഷ നേതാവ്

കിളിമാനൂർ കാർഷിക ഗ്രാമ വികസന ബാങ്കിൽ അഞ്ച് വർഷം മുന്നേ പ്രസിഡൻ്റ് ആയിരുന്നു സിപിഎം കിളിമാനൂർ ഏരിയ സെക്രട്ടറി ജയചന്ദ്രൻ.  നിലവിലെ ബാങ്ക് സെക്രട്ടറി ഉൾപ്പടെ  അഞ്ച് ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജയചന്ദ്രൻ കസ്തൂർബാ സഹകരണ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപയുടെ 10 ചിട്ടികളും കോടികളുടെ ലോണും ഇയാൾ എടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിളിമാനൂർ കാർഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരായ ബാങ്ക് സെക്രട്ടറി പ്രദീപ്,ഡ്രൈവർ ഷൈൻ, ജീവനക്കാരായ സജീവ് കോച്ചനി,സിന്ധു,ലക്ഷ്മി എന്നിവരുടെ സാലറി സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഈ ലോൺ തരപ്പെടുത്തിയത്.

തിരിച്ചടവില്ലാത്തതിനാൽ നിലവിൽ 15000 രൂപ വീതം റിക്കവറി ചെയ്യുവാൻ തീരുമാനം ആവുകയും ചെയ്തു. ഇതോടെ ബാങ്ക് ജീവനക്കാർ വെട്ടിലായി. സമാന മാതൃകയിലാണ് മറ്റ് ബാങ്ക് ജീവനക്കാരെയും, അധ്യാപകരെയും ജയചന്ദ്രൻ കുടുക്കിയത്. സാധാരണക്കാർക്ക് ലോൺ എടുക്കുന്നതിന് അടിയാധാരം മുതൽ ആധാർ കാർഡ് വരെ പരിശോധിക്കുന്ന ബാങ്കുകൾ എങ്ങനെയാണ് ഏരിയ സെക്രട്ടറിക്കായി വിട്ടുവീഴ്ച ചെയ്തത് എന്നാണ് പ്രധാന ചോദ്യം.





Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി അതിജീവിത