സുരേഷ് കുമാറിനെതിരെ സംഘടനയ്ക്കുള്ളിൽ നിന്ന് കൂടുതൽ പ്രതിഷേധമുയരുന്നു; ആൻ്റണിയെ പിന്തുണയ്ക്കാൻ ലിസ്റ്റിൻ

പൃഥ്വിരാജിനും മോഹൻലാലിനും ആൻ്റണി പെരുമ്പാവൂരിനും അനുകൂലമായ നിലപാടാകും ലിസ്റ്റിൻ സ്വീകരിക്കുകയെന്നാണ് വിവരം
സുരേഷ് കുമാറിനെതിരെ സംഘടനയ്ക്കുള്ളിൽ നിന്ന് കൂടുതൽ പ്രതിഷേധമുയരുന്നു; ആൻ്റണിയെ പിന്തുണയ്ക്കാൻ ലിസ്റ്റിൻ
Published on


സിനിമാ നിർമാതാക്കളുടെ സംഘടനാ തർക്കത്തിൽ ജി. സുരേഷ് കുമാറിനെതിരെ കൂടുതൽ പേർ പ്രതിഷേധവുമായി രംഗത്തെത്തുന്നു. നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫനാണ് ഇന്ന് 11 മണിക്ക് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. പൃഥ്വിരാജിനും മോഹൻലാലിനും ആൻ്റണി പെരുമ്പാവൂരിനും അനുകൂലമായ നിലപാടാകും ലിസ്റ്റിൻ സ്വീകരിക്കുകയെന്നാണ് വിവരം.

അതേസമയം, തർക്ക പരിഹാരത്തിനായി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഈ മാസം 24ന് കൊച്ചിയിൽ സിനിമാ സംഘടനകളുടെ യോഗം ഫിലിം ചേംബർ വിളിച്ചു ചേർത്തിട്ടുണ്ട്. 


എംപുരാൻ സിനിമയുടെ അപ്രഖ്യാപിത ബജറ്റ് എത്രയാണെന്ന് നിർമാതാവ് ജി. സുരേഷ് കുമാർ വെളിപ്പെടുത്തിയിരുന്നു. ഈ നീക്കത്തെ ഫേസ്ബുക്കിലൂടെ പരസ്യമായി ചോദ്യം ചെയ്ത് നിർമാതാവ് ആൻ്റണി പെരുമ്പാവൂർ രംഗത്തെത്തിയിരുന്നു.



"ആശിർവാദ് സിനിമാസിൻ്റെ എംപുരാൻ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യ ബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയിൽ പരസ്യ ചർച്ചയ്ക്ക് വിധേയമാക്കിയത് എന്തിനാണ്? എൻ്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാൻ പരസ്യമായി സംസാരിച്ചിട്ടില്ല, എൻ്റെ ബിസിനസുകളെ കുറിച്ചും... ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്ലിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാൻ പറഞ്ഞതാണോ, നെഗറ്റീവാക്കി പറഞ്ഞതാണോ എന്നും സത്യസന്ധമായി പറഞ്ഞാൽ തിരിച്ചറിയാൻ സാധിക്കുന്നില്ല," ആൻ്റണി ഫേസ്ബുക്കിൽ കുറിച്ചു.



ഈ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ട് നടന്മാരായ ടൊവിനോ തോമസും പൃഥ്വിരാജും ബേസിൽ ജോസഫും ആൻ്റണിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 14ന് എംപുരാൻ സിനിമയുടെ നായകനായ മോഹൻലാലും ആൻ്റണി പെരുമ്പാവൂരിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തി. 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം' എന്നാണ് സുരേഷ് കുമാറിനെതിരെയുള്ള ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചു കൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.



താരങ്ങൾ പ്രതിഫലം കൂട്ടുന്നതു കൊണ്ടാണ് സിനിമകൾ പരാജയപ്പെടുന്നതെന്ന സുരേഷ് കുമാറിൻ്റെ വാദം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് അമ്മ മുൻ വൈസ് പ്രസിഡൻ്റ് ജയൻ ചേർത്തലയും വിമർശിച്ചു. താരങ്ങൾ സിനിമ നിർമിക്കരുതെന്ന വാദം ശരിയല്ലെന്നും ജയൻ കൂട്ടിച്ചേർത്തു.



അതേസമയം, സുരേഷ് കുമാറിനെ വിമർശിച്ച ആൻ്റണി പെരുമ്പാവൂരിനെതിരെ നിർമാതാക്കളുടെ സംഘടന പരസ്യമായി രംഗത്തെത്തിയിരുന്നു. ആൻ്റണിയെ ക്ഷണിച്ചിട്ടും അദ്ദേഹം യോഗത്തിൽ പങ്കെടുത്തില്ല. സംഘടനയ്‌ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കുമെന്ന് അറിയിച്ച നിർമാതാക്കളുടെ സംഘടന ജി. സുരേഷ് കുമാറിനെ പിന്തുണയ്ക്കുകയും ചെയ്തു. സുരേഷ് കുമാർ വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത് സംഘടനാ ഭരണസമിതിയുടെ തീരുമാന പ്രകാരം ആണെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com