'ഇന്നലെ രാത്രി ഞങ്ങളെ കൊല്ലുമെന്ന് ഉറപ്പിച്ച് പറഞ്ഞു, ഗതികെട്ടിട്ടാണ്...'; ലഹരിക്കടിമയായ മകനെ പൊലീസിലേല്‍പ്പിച്ച് അമ്മ

പോക്സോ കേസിൽപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് അറസ്റ്റിലായ രാഹുൽ
'ഇന്നലെ രാത്രി ഞങ്ങളെ കൊല്ലുമെന്ന് ഉറപ്പിച്ച് പറഞ്ഞു, ഗതികെട്ടിട്ടാണ്...'; ലഹരിക്കടിമയായ മകനെ പൊലീസിലേല്‍പ്പിച്ച് അമ്മ
Published on

ലഹരിക്ക് അടിമയായ മകൻ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അമ്മ മകനെ കുറിച്ച് പൊലീസിന് വിവരം നൽകി. തുടർന്ന് കോഴിക്കോട് എലത്തൂർ സ്വദേശിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പണം ചോദിച്ച് വീട്ടിൽ അക്രമം നടത്തിയ ശേഷം എല്ലാവരെയും കൊന്ന് ജയിലിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മ പറയുന്നു. ഗതികെട്ടാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് രാഹുലിന്റെ അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു. പോക്സോ കേസിൽപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് രാഹുൽ.


"ഇന്നലെ രാത്രി ഞങ്ങളെ കൊല്ലുമെന്ന് ഉറപ്പിച്ച് പറഞ്ഞതുകൊണ്ടാണ് ഇന്നലെ തന്നെ പൊലീസിനെ വിളിച്ച് കാര്യം പറഞ്ഞത്. പോക്സോ കേസിൽപ്പെട്ട് അവൻ ഒൻപത് മാസം ജയിലിലായിരുന്നു. പുറത്തിറങ്ങിയിട്ട് ഒരു വർഷം ആകാറായി. അതിനിടയിൽ കേസിനൊന്നും ഹാജരാകാതെ വാറണ്ട് ആയി നൽക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബർ 26ന് അവൻ വീട്ടിൽ വന്നു. വീട്ടിൽ വരരുതെന്നാണ് ജാമ്യത്തിൽ. ഞാനിവിടെ വന്നെന്ന് പൊലീസിനോട് പറയരുതെന്നാണ് വന്നപ്പോൾ തന്നെ അവൻ പറഞ്ഞത്. വീട്ടിൽ പ്രശ്നം ഒന്നുമില്ലാത്തത് കൊണ്ടും മോൻ ആയതുകൊണ്ടും ഞാൻ പൊലീസിൽ പറഞ്ഞില്ല. പലവട്ടം ചോദിച്ചിട്ടും വന്നിട്ട് പോയി എന്നൊക്കെയാണ് പൊലീസിനോട് പറഞ്ഞത്", അമ്മ പറഞ്ഞു.

ആ സമയങ്ങളിൽ രാഹുൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ദിവസങ്ങൾ കഴിയും തോറും രാഹുലിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി. കാശ് കിട്ടിയില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. രണ്ടാഴ്ച മുൻപ് കാശിനെ ചൊല്ലി വീട്ടിൽ പ്രശ്നമുണ്ടാക്കിയപ്പോഴാണ് പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞതെന്ന് അമ്മ പറയുന്നു. കഴുത്തിന്റെ ഞരമ്പ് മുറിക്കുമെന്നും പൊലീസ് വന്നാൽ അമ്മ മുറിച്ചതാണെന്ന് ഭീഷണിപ്പെടുത്തുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി. ഇതിൽ ഭയന്നാണ് അമ്മ പൊലീസിൽ അറിയിക്കുന്നതിൽ നിന്ന് പിൻമാറിയത്.



"രണ്ട് ദിവസം മുൻപ് പുറത്തുപോയി വന്നപ്പോൾ മൂന്ന് വയസുള്ള മകന് രണ്ട് മിഠായി വാങ്ങിക്കൊണ്ട് വന്നുകൊടുത്തു. അപ്പോൾ ഞാൻ ആ മിഠായി വാങ്ങി ചെക്ക് ചെയ്തു. അതവന് തീരെ പിടിച്ചില്ല. അന്നവൻ വീട്ടിൽ ഒരുപാട് പ്രശ്നമുണ്ടാക്കി. കയ്യിൽ കിട്ടുന്നതൊക്കെ എടുത്ത് എറിഞ്ഞു, അടിക്കാൻ വന്നു. കുട്ടിയെ എടുത്ത് എറിഞ്ഞു കളയുമെന്നും പറഞ്ഞു. അപ്പോഴും അവൻ പറയുന്നതൊന്നും ‍ഞാൻ അത്രയ്ക്ക് വിലയ്ക്കെടുത്തില്ല", അമ്മ പറയുന്നു. രാഹുലിന് 18-19 വയസാകുമ്പോഴാണ് അവൻ മയക്കുമരുന്നിന് അടിമയാണെന്ന് വീട്ടുകാർ തിരിച്ചറിയുന്നത്. പക്ഷേ 13 വയസുമുതൽ ലഹരി ഉപയോ​ഗിക്കുന്നുവെന്നാണ് രാഹുൽ പറയുന്നതെന്ന് അമ്മ കൂട്ടിച്ചേർത്തു.

"അവൻ നന്നാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല. പക്ഷേ ജയിലാകുമ്പോൾ ജീവനോടെ ഉണ്ടാകുമല്ലോ. അവൻ നന്നാകുമെന്ന് പ്രതീക്ഷയൊക്കെ പോയി. അവൻ പിടിയിലായാൽ ഈ കുട്ടിയുടെ ജീവൻ രക്ഷിക്കാമല്ലോ, എന്നെയും അച്ഛനെയും അവൻ കൊല്ലും അതൊക്കെ പോട്ടെ ഈ കുട്ടിയുടെ ജീവൻ രക്ഷിക്കുക മാത്രമേ ഞാൻ മുന്നിൽ കണ്ടിട്ടുള്ളൂ. ഇവൻ കാരണം ഒന്നും അറിയാതെ ഈ ഭൂമിയിലേക്ക് എത്തിയ ഈ കുട്ടിയുടെ ജീവൻ രക്ഷഇക്കണം. അവൻ കൊല്ലുമെന്ന് അത്ര ഉറപ്പിച്ച് പറഞ്ഞതുകൊണ്ടാണ്", രാഹുലിന്റെ അമ്മ ന്യൂസ് മലയാളത്തോട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com