മൃദംഗവിഷൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പൊലീസ്, ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചു

പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്ന അക്കൗണ്ടുകളിലാണ് പരിശോധന നടത്തുന്നത്
മൃദംഗവിഷൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പൊലീസ്, ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചു
Published on

കലൂർ സ്റ്റേഡിയത്തിൽ നടന്ന മൃദംഗവിഷൻ നൃത്തപരിപാടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്ന അക്കൗണ്ടുകളിലാണ് പരിശോധന നടത്തുന്നത്.

മൃദംഗവിഷൻ്റെയും ഓസ്കാർ വിഷൻ്റെയും സംഘാടകർ ഇന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകും. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹെെക്കോടതിയാണ് ഹാജരാകാൻ നിർദേശം നൽകിയത്. പ്രതികൾക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് ചുമത്തിയിരുന്നു.

അതേസമയം, നൃത്ത പരിപാടിക്കിടെ ഉമാ തോമസിന് അപകടം പറ്റിയതിൽ ഉത്തരവാദിത്തം തനിക്കും തന്റെ കമ്പനിക്കും മാത്രമല്ലെന്ന് മൃദംഗവിഷൻ കോ-ഓഡിനേറ്റർ നികോഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ അനുമതിയും വാങ്ങിയിരുന്നു. സ്റ്റേജ് കെട്ടിയുയർത്തിയപ്പോൾ ജിസിഡിഎ യാതൊരു എതിർപ്പും പറഞ്ഞിരുന്നില്ല. ഏത് അന്വേഷണത്തിനും തയ്യാറാണ്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ കീഴടങ്ങുമെന്നും നികോഷ് കുമാർ പറഞ്ഞിരുന്നു.

പരിപാടിയിൽ നിന്ന് ആകെ മൂന്നര കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ 24 ലക്ഷം രൂപ ​ഗിന്നസിനായി നൽകി. ജിഎസ്ടി കിഴിച്ച് 2900 രൂപയാണ് ഒരാളിൽ നിന്നും വാങ്ങിയത്. ഇതിൽ സാരിയുടെ 390 രൂപ ഉൾപ്പെടും. 1600 രൂപ വാങ്ങിയ കണക്കിനെ പറ്റി കമ്പനിക്കറിയില്ല. ടീച്ചർമാരാണ് അത് കൈകാര്യം ചെയ്തതെന്നും നികോഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com