മഴയും ഉരുൾപൊട്ടലും കേരളത്തെ മൂടുമ്പോഴൊക്കെ ഉയരുന്ന ആശങ്കയുടെ മറുപേര് കൂടിയാണത്
ലോകത്ത് നിലവിലുള്ളതിൽ ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാർ ഡാം. മഴയും ഉരുൾപൊട്ടലും കേരളത്തെ മൂടുമ്പോഴൊക്കെ ഉയരുന്ന ആശങ്കയുടെ മറുപേര് കൂടിയാണത്. കാരണം, മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്യുന്ന മഴ തമിഴ്നാടിന് അനുഗ്രഹവും, കേരളത്തിന് ശാപവുമാണ്. മഴയിലും വെള്ളത്തിന്റെ കുത്തൊഴുക്കിലും ഡാം തകരുമോയെന്നതാണ് കേരള ജനതയെ ഭയപ്പെടുത്തുന്നത്.
കാലപഴക്കം വന്ന പഴയ ഡാമിനു പകരം പുതിയത് വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. തമിഴ്നാട് അതിന് എതിരാണ്. പഴയത് പൊളിച്ചാൽ, പുതിയത് നിർമിക്കുമോയെന്നാണ് അവരുടെ സംശയം. ഇത്തരം ചർച്ചകൾക്കും വിവാദങ്ങൾക്കും ഡാമിനോളം പഴക്കമുണ്ട്. സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് കേരളത്തിന് തീരുമാനമെടുക്കാൻ സാധിക്കാത്തത്? പൊതുവിഷയമായി പരിഗണിച്ച് ഇരു സംസ്ഥാനങ്ങൾക്കും യോജിച്ചൊരു തീരുമാനം എടുത്തുകൂടേ? അറിയാം, മുല്ലപ്പെരിയാർ പ്രശ്നത്തിന്റെ ചരിത്രവും വർത്തമാനവും...
നൂറ്റാണ്ടുകളുടെ ചരിത്രം
നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട് മുല്ലപ്പെരിയാറിന്. 1789ൽ, തമിഴ്നാട്ടിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ മുതിരുള്ള പിള്ളയാണ് മുല്ലപ്പെരിയാർ പദ്ധതി കൊണ്ടുവരുന്നത്. രാമനാട് ഭരിച്ചിരുന്ന മുത്തുരാമലിംഗ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്നു മുതിരുള്ള പിള്ള. പ്രളയം പെരിയാറിലെ വെള്ളം തമിഴ്നാട്ടിലെ വൈഗ നദിയിലെത്തിക്കാനായിരുന്നു പദ്ധതി. പക്ഷേ, സേതുപതി രാജാവ് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതിനാൽ പദ്ധതി നടപ്പായില്ല. സേതുപതി രാജാവ് യുദ്ധം തോറ്റതോടെ, പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലായി. അതോടെ, തേനി, മധുര, ദിണ്ടിക്കൽ, രാമനാഥപുരം പ്രദേശങ്ങളിലെ ജലക്ഷാമത്തിന് പരിഹാരം കാണേണ്ടത് ബ്രിട്ടീഷുകാരുടെ ഉത്തരവാദിത്തമായി. പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ പെയ്യുന്ന മഴ പ്രളയത്തിന് കാരണമാകുന്ന സാഹചര്യമായിരുന്നു.
അതിനാൽ, പെരിയാറിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് വൈഗ നദിയിൽ എത്തിക്കാനായി ബ്രിട്ടീഷുകാരുടെ ശ്രമം. ഇതു സംബന്ധിച്ച് പഠിക്കുന്നതിനായി ജയിംസ് കാഡ്‌വെല്ലിനെ നിയമിച്ചു. എന്നാൽ പദ്ധതി അസാധ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നിരുന്നാലും ശ്രമം ഉപേക്ഷിക്കാൻ ബ്രിട്ടീഷുകാർ തയ്യാറായില്ല. 1882ൽ ക്യാപ്റ്റൻ പെനിക്യുക്ക്, ആർ. സ്മിത്ത് എന്നിവരെ പദ്ധതി നടത്തിപ്പിനായി നിയോഗിച്ചു. 155 അടി ഉയരത്തിൽ അണക്കെട്ട് നിർമിക്കാനുള്ള പദ്ധതിക്ക് ഇരുവരും രൂപം നൽകി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ് വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കല്ല് എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിന് പ്രതീക്ഷിച്ചിരുന്ന ചെലവ് 53 ലക്ഷം രൂപയായിരുന്നു. തുകയുടെ ഏഴ് ശതമാനം വീതം പ്രതിവർഷം പദ്ധതിയിൽ നിന്ന് തിരിച്ചുകിട്ടുമെന്നും വിലയിരുത്തി. പദ്ധതിക്ക് ബ്രിട്ടീഷ് സർക്കാർ അംഗീകാരം നൽകി.
ഡാമിന്റെ ആയുസ് 66 വർഷം; കരാർ 999 വർഷം
പദ്ധതിക്ക് ബ്രിട്ടീഷ് സർക്കാരിന്റെ നിർമാണാനുമതി ലഭിച്ചെങ്കിലും, കേരളത്തിലൊഴുകുന്ന പെരിയാറുമായി ബന്ധപ്പെടുത്തി അണക്കെട്ട് സ്ഥാപിക്കുന്നതിന് തിരുവിതാംകൂർ രാജാവായിരുന്ന വിശാഖം തിരുനാൾ രാമവർമയുടെ അനുമതി വേണമായിരുന്നു. ആദ്യം സമ്മതിച്ചില്ലെങ്കിലും ബ്രിട്ടീഷുകാരുടെ സമ്മർദത്തിനൊടുവിൽ അദ്ദേഹം കരാറിൽ ഒപ്പിട്ടു. കരാറിനും ചില പ്രത്യേകതകളുണ്ടായിരുന്നു. സാധാരണയായി, ഒരു അണക്കെട്ടിന് 60 വർഷമാണ് കാലാവധി കണക്കാക്കുന്നത്. എന്നാൽ, 1886 ഒക്ടോബർ 29ന് തിരുവിതാംകൂർ മഹാരാജാവും ഇന്ത്യൻ സ്റ്റേറ്റ് സെക്രട്ടറിയും ഒപ്പിട്ട മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പാട്ടക്കരാർ 999 വർഷത്തേക്കാണ്.
തിരുവിതാംകൂറിന് വേണ്ടി ദിവാൻ വി. രാമ അയ്യങ്കാരും മദിരാശി സംസ്ഥാനത്തിന് വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണും കരാറിലൊപ്പിട്ടു. പെരിയാർ നദിയുടെ ഏറ്റവും ആഴം കൂടിയ അടിത്തട്ടിൽ നിന്ന് 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമാണത്തിനായി 100 ഏക്കർ സ്ഥലവുമാണ് പാട്ടമായി നൽകിയത്. വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കുമെന്നായിരുന്നു വ്യവസ്ഥ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടി വരും. പാട്ടത്തുകയായി, ഏക്കറിന് അഞ്ച് രൂപ തോതിൽ 40,000 രൂപ വർഷംതോറും തിരുവിതാംകൂറിനു ലഭിക്കും. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്ത് നിന്നുമുള്ള ഓരോ മധ്യസ്ഥരോ, നിഷ്പക്ഷരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിന് വിടാമെന്നും കരാർ പറയുന്നു.
81.30 ലക്ഷത്തിന് അണക്കെട്ട്
1887ൽ അണക്കെട്ട് നിർമാണത്തിന് തുടക്കമിട്ടു. മരങ്ങൾ മുറിക്കാനും മറ്റുമായി ധാരാളം തൊഴിലാളികളെ തേക്കടിയിലെ തമ്പുകളിൽ പാർപ്പിച്ചു. പാറകൾ തുരക്കുന്നതിനായി യന്ത്രങ്ങൾ ഉപയോഗിച്ചു, നിർമാണം പ്രവർത്തനങ്ങൾ വേഗത്തിലാക്കി. കരിങ്കല്ല് ആറിഞ്ച് കനത്തിൽ പൊട്ടിച്ചെടുത്ത് അടുക്കി വച്ച് സുർക്കിയും മോർട്ടാറും ഉപയോഗിച്ചായിരുന്നു നിർമാണ പ്രവർത്തനങ്ങൾ. കനത്തമഴയും വെള്ളപ്പൊക്കവും പലപ്പോഴും വെല്ലുവിളിയായി.
വെള്ളത്തിന്റെ കുത്തൊഴുക്കിൽ ആദ്യ നിർമിതികൾ ഒലിച്ചുപോയി, നിരവധി തൊഴിലാളികൾക്കും ജീവൻ നഷ്ടമായി. പ്രതികൂല കാലാവസ്ഥയും രോഗങ്ങളുമൊക്കെ നിർമാണ പ്രവർത്തനങ്ങളെ പിന്നോട്ടടിച്ചു. ഇതോടെ, അണക്കെട്ട് നിർമാണം നിർത്തിവെച്ചു. ജോൺ പെനിക്യൂക്ക് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് മടങ്ങി. എന്നാൽ, സകല സമ്പാദ്യങ്ങളും വിറ്റ പണവുമായി പെനിക്യൂക്ക് തിരിച്ചെത്തി. വേനൽക്കാലം നോക്കി, നിർമാണം പുനരാരംഭിച്ചു. 1895ൽ, 81.30 ലക്ഷത്തിന് മുല്ലപ്പെരിയാറിൽ അണക്കെട്ട് ഉയർന്നു.
പുതിയ കരാർ
സ്വാതന്ത്ര്യാനന്തരം തന്നെ കരാർ പുതുക്കാൻ തമിഴ്‌നാട് ശ്രമം തുടങ്ങിയിരുന്നു. 1958, 1960, 1969 വർഷങ്ങളിൽ കേരളവുമായി നടത്തിയ ചർച്ചകളും ശ്രമങ്ങളുമൊക്കെ ഫലവത്തായില്ല. ഒടുവിൽ, 1970 മെയ് 29ന് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനുമായി തമിഴ്നാട് നടത്തിയ ചർച്ചയിലാണ് കരാർ പുതുക്കാനുള്ള തീരുമാനമുണ്ടായത്. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ.എസ് ശിവസുബ്രഹ്മണ്യവും കേരളത്തിനുവേണ്ടി ജലവൈദ്യുതി സെക്രട്ടറി കെ.പി വിശ്വനാഥൻ നായരുമാണ് കരാറിലൊപ്പുവെച്ചത്.
എന്നാൽ, 1886ലെ പാട്ടക്കരാറിലെ വ്യവസ്ഥകളെല്ലാം നിലനിർത്തി. കൂടാതെ, അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്‌നാടിന് വൈദ്യുതി ഉത്‌പാദനം നടത്താം, അതിനായി കുമളി വില്ലേജിൽ 42.17 ഏക്കർ സ്ഥലം തമിഴ്‌നാടിന് പാട്ടത്തിന് നൽകി, വൈദ്യുതി ഉത്‌പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ, ഒരു കിലോവാട്ട് ഇയറിന് 12 രൂപ തോതിൽ തമിഴ്‌നാട് കേരളത്തിനു നൽകണം, വൈദ്യുതിയുടെ അളവ് 350 ദശലക്ഷത്തിൽ കൂടിയാൽ 18 രൂപവച്ചു നൽകണം, പാട്ടത്തുക അഞ്ചിൽനിന്ന് 30 രൂപയാക്കി ഉയർത്തി, 30 വർഷം കൂടുമ്പോൾ പാട്ടത്തുക പുതുക്കാം എന്നിങ്ങനെ വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി.
മച്ചു അണക്കെട്ട് ഉയർത്തിയ ഭീതി
1979ൽ ഗുജറാത്തിലെ മച്ചു അണകെട്ട് തകർന്നതോടെയാണ് മുല്ലപ്പെരിയാർ ആശങ്കയുടെ മറുവാക്കായി മാറുന്നത്. മച്ചു അണക്കെട്ടിന്റെ വാർത്തകൾ മുല്ലപ്പെരിയാർ പ്രദേശത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. പിന്നാലെ, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രം നടത്തിയ പരിശോധനയിൽ റിക്ടർ സ്കെയിലിൽ ആറ് രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങൾ താങ്ങാൻ അണക്കെട്ടിന് കഴിയില്ലെന്ന് റിപ്പോർട്ട് നൽകി. ഇതോടെ, അണക്കെട്ടിലെ വെള്ളം 142.2 അടിയിൽനിന്ന് 136 അടിയായി തമിഴ്നാട് കുറച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആകെ സംഭരണ ശേഷി 15 ദശലക്ഷം ഘനയടിയാണ്. അനുവദനീയമായ സംഭരണ ശേഷി 11 ദശലക്ഷം ഘനയടി അഥവാ 136 അടിയുമാണ്.
അത് അങ്ങനെ തന്നെ തുടരണം, ഒരു കാരണവശാലും മുകളിൽ പോകരുതെന്നായിരുന്നു കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ റിപ്പോർട്ട്. പ്രദേശത്തെ ഭൂകമ്പത്തിന്റെ ആവർത്തനസാധ്യതാ പഠനം നടത്തിയ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും, റൂർക്കി ഐഐടിയുമൊക്കെ സമാന റിപ്പോർട്ടാണ് മുന്നോട്ടുവെക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും അപകടഭീഷണി നിലനിൽക്കുന്നതുമായ ഡാമുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ എന്നാണ് ന്യൂയോർക്ക് ടൈംസ് പറഞ്ഞത്.
അണക്കെട്ട് തകർന്നാൽ സമീപ ജില്ലകളിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും ലേഖനത്തിൽ പറയുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചല്ല അണക്കെട്ട് നിർമിച്ചിരിക്കുന്നത്. ചുണ്ണാമ്പും സുർക്കിയുമൊന്നും കാലപ്പഴക്കത്തെ അതിജീവിക്കില്ല. പ്രത്യക്ഷത്തിലുള്ളതിനൊപ്പം മറ്റു കേടുപാടുകളും ഉണ്ടായേക്കാമെന്നും വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
വാദം-പ്രതിവാദം
അണക്കെട്ട് ഉയർത്തുന്ന ഭീതി സംബന്ധിച്ച എല്ലാത്തരം വാദങ്ങളെയും നിരാകരിക്കുന്നതാണ് കേന്ദ്ര ജല കമ്മീഷൻ നിലപാട്. അതിന് ചില അടിസ്ഥാനങ്ങളുമുണ്ട്. ബലക്ഷമത പരിശോധിക്കുന്നതിനൊപ്പം, 1980കൾ മുതൽ ഡാമിന് അറ്റകുറ്റ പണികൾ നടത്തിയിട്ടുണ്ടെന്ന കാര്യവും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അണക്കെട്ടിന്റെ ചരിവുകൾ കോൺക്രീറ്റ് ആവരണമിട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്. ധാരാളം ഇരുമ്പ് കേബിളുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, കേരളത്തിൽനിന്നുള്ള പ്രതിനിധി ഉൾപ്പെടുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 136ൽനിന്ന് 142 അടിയായി ജലനിരപ്പ് ഉയർത്തുവാൻ സുപ്രീം കോടതി ഉത്തരവിട്ടത്.
മാത്രമല്ല, സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ഉൾപ്പെടുന്ന മൂന്നംഗ ഡാം സുരക്ഷാ നിരീക്ഷണ സമിതിയുമുണ്ട്. ഇവർ യഥാസമയം അണക്കെട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാറുമുണ്ട്. മാത്രമല്ല, ഭൂകമ്പത്തെ തുടർന്നോ അല്ലാതെയോ അണക്കെട്ട് തകർന്നാൽ, മൂന്നോ നാലോ മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. 70.5 ദശലക്ഷം ഘനയടിയാണ് ഇടുക്കി ഡാമിന്റെ സംഭരണ ശേഷി. അനുവദനീയമായ പരമാവധി സംഭരണ ശേഷി 51.5 ഘനയടിയും. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ ഒഴുകിയെത്തുന്ന 11 ദശലക്ഷം ഘനയടി വെള്ളത്തെ സംഭരിക്കാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വെള്ളം എത്താനെടുക്കുന്ന നാല് മണിക്കൂറിൽ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്ന് ഇടുക്കി ഡാമിന്റെ ജലനിരപ്പ് നിയന്ത്രിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനെയും എതിർക്കുന്നവരുണ്ട്. അണക്കെട്ട് തകർന്നെത്തുന്ന വെള്ളവും ചളിയും മരങ്ങളുമൊക്കെ താങ്ങാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ടോയെന്നതാണ് മറുചോദ്യം. മുല്ലപ്പെരിയാറിനൊപ്പം ഇടുക്കി ഡാമും തകർന്നാൽ, ഇടുക്കി, കോട്ടയം ജില്ലകളുടെ ചില ഭാഗങ്ങളും എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളും വെള്ളത്തിനിടയിലാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അയൽസൗഹൃദങ്ങൾ ഇരു ചേരിയിൽ
മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയം ഇല്ലെന്നും ജല സംഭരണം ഇനിയും വർധിപ്പിക്കണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം. പക്ഷേ, കാലപഴക്കം വന്ന അണക്കെട്ടിൽ കൂടുതൽ വെള്ളം സംഭരിക്കുന്നത് അപകടകരമാണെന്നായിരുന്നു കേരളത്തിന്റെ വാദം. മുല്ലപ്പെരിയാർ അണക്കെട്ട് അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നുമൊക്കെ കേരളം വാദിച്ചു. പക്ഷേ, സുപ്രീംകോടതി തമിഴ്‌നാടിനൊപ്പമായിരുന്നു. കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യങ്ങൾ കേരളം ചെയ്തു കൊടുക്കണമെന്നായിരുന്നു 2006ൽ കോടതി വിധിച്ചത്.
ഇതിനെതിരെ കേരളം നിയമസഭയിൽ ബിൽ പാസാക്കി. എന്നാൽ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബിൽ കോടതി തടഞ്ഞു. 1956ലെ സ്റ്റേറ്റ് റീ ഓർഗനൈസേഷൻ ആക്ടിലെ സെക്ഷൻ 108 പ്രകാരം സ്വാതന്ത്ര്യത്തിനുമുൻപുള്ള മുഴുവൻ അന്തർസംസ്ഥാന ജല-വൈദ്യുത കരാറുകളും നിലനിൽക്കും എന്നതാണ് കേരളത്തിന് തിരിച്ചടിയായത്. ഡാം സുരക്ഷിതമാണെന്ന് തമിഴ്‌നാട് വാദിക്കുമ്പോൾ, പുതിയ ഡാം നിർമിച്ച് പഴയ അണക്കെട്ടിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നതാണ് കേരളത്തിന്റെ മറുവാദം.
സംസ്ഥാനത്ത് വർധിച്ചുവരുന്ന പ്രളയവും, ഉരുൾപൊട്ടലുമൊക്കെയാണ് കേരളത്തിന്റെ ആശങ്കയ്ക്ക് വളമിടുന്നത്. അതുകൊണ്ട് പുതിയ അണക്കെട്ട് എന്ന വാദം കാലാകാലങ്ങളിൽ ശക്തിപ്പെടുന്നത്. എന്നാൽ, പുതിയ ഡാം പണിതാൽ തങ്ങൾക്ക് വെള്ളം കിട്ടാതെ വരുമോ എന്ന് മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചു ജീവിക്കുന്നവർ ഭയക്കുന്നു.
തമിഴ്നാടിന് ജലം നൽകുന്നതിനെ കേരളം ഒരിക്കലും എതിർത്തിട്ടില്ല. സുരക്ഷയാണ് കേരളം മുന്നോട്ടുവെക്കുന്ന വാദം. പുതിയ അണക്കെട്ടിനുള്ള പ്രോജക്ട് റിപ്പോർട്ട് ഉൾപ്പെടെ കേരളം തയ്യാറാക്കിയിട്ടുമുണ്ട്. അതേസമയം, പുതിയ അണക്കെട്ട് നിർമിക്കാൻ ഏഴ് വർഷം വേണമെന്നാണ് ജലസേനച വകുപ്പിന്റെ വിലയിരുത്തൽ. അതിവേഗത്തിൽ നിർമാണം നടത്തിയാലും അഞ്ച് വർഷമെങ്കിലും വേണ്ടിവരും. പരിസ്ഥിതി ആഘാത പഠനവും, വന്യജീവി വകുപ്പിന്റെ അനുമതിയൊക്കെ അതിന് വേണം.
അത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതേയുള്ളൂ. പുതിയ അണക്കെട്ടിനെ എതിർക്കുന്നവരും ഏറെയുണ്ട്. കൂടുതൽ വനപ്രദേശം വെള്ളത്തിനടിയിലാകും. അത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ വാദങ്ങളും സംവാദങ്ങളും തുടരുകയാണ്. മുല്ലപ്പെരിയാർ സംബന്ധിച്ച് തുടരുന്ന ചർച്ചകൾക്ക് രാഷ്ട്രീയ മാനങ്ങളും ഏറെയുണ്ട്. രണ്ട് സംസ്ഥാന സർക്കാരുകളുടെ അഭിമാന പ്രശ്നം കൂടിയായി അത് മാറിയിട്ടുണ്ട്. ആ ഭരണപ്രശ്നങ്ങൾക്കു കൂടി പരിഹാരം കാണേണ്ടതുണ്ട്.