
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് യാത്രചെയ്യാനിരുന്ന വിമാനത്തിൽ ബോംബ് ഉണ്ടെന്ന് ഭീഷണി മുഴക്കിയയാൾ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് മുംബൈ പൊലീസിൻ്റെ കൺട്രോൾ റൂമിലേക്ക് ഭീഷണിക്കോൾ വന്നത്. മോദി അമേരിക്കയിലേക്ക് പോകുന്ന വിമാനത്തിൽ യുഎസ് ഭീകരൻ ബോംബ് വെയ്ക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ കോളാണിതെന്ന് കണ്ടെത്തുകയായിരുന്നു.
എയർ ഇന്ത്യ വിമാനത്തിലാണ് ബോംബ് വെയ്ക്കുമെന്നാണ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഭീഷണി ലഭിച്ച ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തെന്നും ഡിസിപി സജിത്ത് വി.ജെ. പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചകൾക്കായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നത്. യുഎസ് പ്രസിഡന്റിന്റെ ഇന്ത്യയ്‌ക്കെതിരായ താരിഫ് ഭീഷണികളുടെയും അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെയും പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദർശനം. പ്രതിരോധ സഹകരണം, വ്യാപാര ബന്ധങ്ങൾ, ചൈനയുടെ വർധിച്ചുവരുന്ന സാമ്പത്തിക, സൈനിക സ്വാധീനത്തെ ചെറുക്കൽ എന്നിവയെ കേന്ദ്രീകരിച്ചാകും ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾ നടത്തുക.
പുതിയ ഭരണകൂടം അധികാരമേറ്റ് മൂന്ന് ആഴ്ചകൾക്കുള്ളിലാണ് പ്രധാനമന്ത്രിയെ യുഎസ് സന്ദർശിക്കാൻ ക്ഷണിച്ചിരിക്കുന്നത്. ഇതോടെ ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം അമേരിക്ക സന്ദർശിക്കുന്ന ആദ്യത്തെ ചുരുക്കം ചില ലോക നേതാക്കളിൽ ഒരാളാകും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇതിനകം തന്നെ ട്രംപ് കൂടിക്കാഴിച നടത്തിയിരുന്നു. ജപ്പാന്റെ ഷിഗെരു ഇഷിബയുമായി ഈ ആഴ്ച വാഷിംഗ്ടണിൽ ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്.