
മഹാരാഷ്ട്രയുടെ രണ്ടാമത്തേതും മുംബൈയിലെ ആദ്യത്തെയും ഭൂഗർഭ മെട്രോയായ മെട്രോ 3 പദ്ധതി അടുത്തമാസം ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ആകെ 33.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അക്വാ ലൈനിൻ്റെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി ജനങ്ങൾക്കായി തുറന്ന് നൽകുക. ആരേയ് കോളനിക്കും ബാന്ദ്ര കുർള കോംപ്ലക്‌സിനും ഇടയിൽ പത്ത് സ്റ്റേഷനുകൾ ഉൾപ്പെടുന്ന 12 കിലോമീറ്റർ ആദ്യ ഘട്ടമാണ് ഉദ്ഘാടനത്തിനായി സജ്ജമായിരിക്കുന്നത്.
ആരേയ് കോളനിക്കും ബാന്ദ്ര കുർള കോംപ്ലക്‌സിനും ഇടയിലുള്ള പാതയയിൽ 10 സ്‌റ്റേഷനുകൾ ആണ് ഉൾപ്പെടുന്നത്. ആകെ മെട്രോ പദ്ധതിയുടെ ദൂരം 33.5 കിലോ മീറ്റർ ആണ്. ആകെ 27 സ്റ്റേഷനുകൾ ആണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 2025 മാർച്ചിൽ പദ്ധതി പൂർണമായും പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 6:30 മുതൽ രാത്രി 10:30 വരെയും വാരാന്ത്യങ്ങളിൽ 8:30 മുതൽ 10:30 വരെയും ആണ് മുംബൈയുടെ ആദ്യ ഭൂഗർഭ മെട്രോയുടെ പ്രവർത്തന സമയം.
ALSO READ: സർവീസ് തുടങ്ങിയിട്ട് 18 മാസം; യാത്രക്കാരുടെ എണ്ണത്തിൽ പുതിയ നേട്ടവുമായി കൊച്ചി വാട്ടർ മെട്രോ
ഓരോ ദിവസവും 96 ട്രിപ്പുകൾ നടത്തുന്ന ഒമ്പത് ട്രെയിനുകൾ ആണ് സർവീസിലുണ്ടാകുക. എട്ട് കാറുകളുള്ള ഓരോ ട്രെയിനിലും ഏകദേശം 2,500 യാത്രക്കാരെ ഉൾക്കൊള്ളുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സാങ്കേതികമായി ഡ്രൈവറില്ലാതെ ഓടാൻ കഴിയുന്ന ട്രെയിനുകളിൽ 48 ട്രെയിൻ ക്യാപ്റ്റൻമാരും ഉണ്ടാകും. അതേസമയം ടിക്കറ്റ് നിരക്കുകൾ എത്രയാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.