മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതകം; പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊലപാതകം, പോക്സോ, തട്ടിക്കൊണ്ട് പോകൽ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്
മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതകം; പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി
Published on


തൃശൂർ മാള കുഴൂരിലെ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം, പോക്സോ, തട്ടിക്കൊണ്ട് പോകൽ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുഴൂര്‍ സ്വര്‍ണപള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകൻ ഏബലിനെയാണ് വീടിനടുത്തുള്ള കുളത്തിലാണ് കഴിഞ്ഞ​ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് ആറോടെ വീടിന് സമീപത്തുനിന്നാണ് ഏബലിനെ കാണാതായത്. താനിശ്ശേരി സെന്റ് സേവ്യേഴ്സ് സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ഏബല്‍.


ഏബലിന്‍റെ മരണം കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനത്തിലാണ് 22 വയസ്സുകാരനായ മാള കുഴൂർ കൈതാരത്ത് വീട്ടിൽ ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ കൊലപാതക സൂചനകളും പൊലീസിന് ലഭിച്ചിരുന്നു. വെകുന്നേരം ഏറെ നേരമായിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ പാടശേഖരത്തിലുള്ള കുളത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ അസ്വഭാവികത തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ചില വിവരങ്ങള്‍ ലഭിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശവാസിയായ യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. സ്ഥലത്ത് കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏബലിനെ ജോജോ ആളില്ലാത്ത സ്ഥലത്ത് വിളിച്ചു കൊണ്ടുപോകുകയും മോശമായി പെരുമാറുകയും ചെയ്തു. കുട്ടി ഇത് എതിർക്കുകയും അമ്മയെ അറിയിക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ ജോജോ കുട്ടിയുടെ മുഖം പൊത്തി കുളത്തിൽ തള്ളിയിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കാണാതായ കുട്ടിയെ പരിശോധിക്കാൻ ജോജോയും ഒപ്പമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. മൃതദേഹം കിട്ടിയ ഭാഗത്തായിരുന്നില്ല ജോജോ തിരച്ചിൽ നടത്തിയത്. ഇത് ആളുകളേയും പൊലീസിനേയും തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടി ഇയാൾക്കൊപ്പമുള്ളതായി കണ്ടെത്തിയിരുന്നു.

ഏബൽ തനിക്കൊപ്പമുണ്ടായിരുന്നുവെന്നും പിന്നീട് പോയെന്നുമാണ് ജോജോ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇത്രയും കാര്യങ്ങൾ വെളിപ്പെടുത്തിയത്. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com