17 വർഷം മുമ്പ് 'കൊല്ലപ്പെട്ട' ആള്‍ ജീവനോടെ തിരിച്ചെത്തി; ആശ്വാസത്തില്‍ കൊലക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച ബന്ധുക്കള്‍

17 വർഷം മുമ്പ് 'കൊല്ലപ്പെട്ട' ആള്‍ ജീവനോടെ തിരിച്ചെത്തി; ആശ്വാസത്തില്‍ കൊലക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച ബന്ധുക്കള്‍
Published on

17 വര്‍ഷം മുമ്പ് കൊല്ലപ്പെട്ടെന്ന് കരുതിയ ആള്‍ ജീവനോടെ തിരിച്ചെത്തിയതിന്റെ ഞെട്ടലിലും ആശ്വാസത്തിലുമാണ് കുടുംബവും ബിഹാര്‍ പൊലീസും. കൊലപാതക കേസില്‍ നാല് പേര്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. ബിഹാറില്‍ നിന്നും പതിനേഴ് കൊല്ലം മുമ്പ് കാണാതായ ആളെയാണ് ഉത്തര്‍പ്രദേശ് പൊലീസ് ഝാന്‍സിയില്‍ കണ്ടെത്തിയത്.

ജനുവരി 6 നായിരുന്നു വിചിത്രമായ സംഭവങ്ങള്‍ നടന്നത്. ഝാന്‍സിയിലെ പതിവ് പട്രോളിങ്ങിനിടയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ അമ്പത് വയസ് പ്രായം തോന്നിക്കുന്ന ആള്‍ പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ചോദ്യം ചെയ്തതോടെ, ആറ് മാസമായി ഇയാള്‍ ഇവിടെയാണ് താമസമെന്ന് വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ബിഹാറിലെ ഡിയോറിയ സ്വദേശിയാണെന്നും നാഥുനി പാല്‍ എന്നാണ് പേരെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.



അടുത്തിടെയാണ് ഇയാള്‍ ഝാന്‍സിയില്‍ താമസം തുടങ്ങിയത്. ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടമായെന്നും ഭാര്യ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോയതായും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 'കൊല്ലപ്പെട്ട' ആളെയാണ് കസ്റ്റഡിയിലെടുത്തതെന്ന് യുപി പൊലീസിന് മനസ്സിലായത്.

2009 ലാണ് നാഥുനി പാലിനെ ബിഹാറിലെ ഗ്രാമത്തില്‍ നിന്നും കാണാതാകുന്നത്. തുടര്‍ന്ന് നാഥുനി പാലിന്റെ ഒരു അമ്മാവന്‍ മറ്റൊരു അമ്മാവനും നാല് മക്കള്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി. നാഥുനി പാലിന്റെ ഭൂമി തട്ടിയെടുത്ത് ഇവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നായിരുന്നു പരാതി. സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെല്ലാം എട്ട് മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. അടുത്തിടെയാണ് ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇതിനിടയില്‍ ശിക്ഷിക്കപ്പെട്ട അമ്മാവന്‍ മരണപ്പെടുകയും ചെയ്തു.

നാഥുനി പാല്‍ ജീവനോടെയുണ്ടെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ 'ഒടുവില്‍ കൊലപാതകത്തിന്റെ കളങ്കത്തില്‍ നിന്ന് ഞങ്ങള്‍ മോചിതരായി' എന്നായിരുന്നു ശിക്ഷിക്കപ്പെട്ട സഹോദരങ്ങളില്‍ ഒരാളായ സതേന്ദ്ര പാല്‍ കേട്ടത്. അതേസമയം, നാഥുനി പാലിനെ കൊന്ന കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com