
ഡിജെ അലൻ വാക്കർ കൊച്ചിയിലെത്തി. തന്നെ സ്നേഹിക്കുന്ന കേരളത്തിലെ ആരാധകരോട് നന്ദിയുണ്ടെന്ന് അലൻ വാക്കർ ആദ്യമായി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. കൊച്ചിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നത് മ്യൂസിക്ക് മാജിക്കെന്നും അലൻ വാക്കർ പറഞ്ഞു.
വൈകുന്നേരം നാല് മണിക്ക് കൊച്ചി ബോൾഗാട്ടി പാലസിൽ സംഘടിപ്പിക്കുന്ന സംഗീത വിരുന്നിനായാണ് അലൻ വാക്കർ കൊച്ചിയിൽ എത്തിയത്. കേരളത്തിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് അലൻ വാക്കറിനുള്ളത്. ലോക പര്യടനത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 27ന് ഇന്ത്യയിലെത്തിയ അലൻ വാക്കർ രാജ്യത്തെ പത്തിടങ്ങളിലാണ്, വാക്കർ വേൾഡ് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. ആയിരങ്ങൾ പങ്കെടുക്കുന്ന സംഗീത നിശയുടെ ടിക്കറ്റ് ഇന്നലെ തന്നെ പൂർണമായി വിറ്റു തീർന്നിരുന്നു. ഒക്ടോബർ 20 വരെയാണ് ഇന്ത്യാ പര്യടനം. 750 രൂപ മുതൽ 4000 രൂപ വരെയാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള ടിക്കറ്റിൻ്റെ നിരക്ക്.
ഒക്ടോബർ നാലിന് അലൻ വാക്കറിൻ്റെ ബാംഗ്ലൂരിലെ സംഗീത വിരുന്നിൽ ആലിയ ഭട്ട് എത്തിയ വാർത്ത വലിയ ശ്രദ്ധ നേടിയിരുന്നു. നമ്മ ബെംഗളൂരു എന്ന ക്യാപ്ഷനോടെ ആലിയ ഭട്ടിനോടൊപ്പമുള്ള ചിത്രം അലൻ വാക്കർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.