വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജന്‍. ദളിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റുമാണ്.
ചരിത്രത്തിലാദ്യമായി ദേശീയ കമ്മിറ്റിയില്‍ വനിതകളെ ഉള്‍പ്പെടുത്തി മുസ്ലീം ലീഗ്.കേരളത്തില്‍ നിന്നുള്ള ജയന്തി രാജനും, തമിഴ്‌നാട്ടില്‍ നിന്നുള്ള ഫാത്തിമ മുസഫറും ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മുസ്ലീം ലീഗിന്റെ പോഷക സംഘടനകള്‍ ആയ യൂത്ത് ലീഗിലും എംഎസ്എഫിലും വനിതകള്‍ ഭാരവാഹിത്വത്തിലേക്ക് വന്നിരുന്നു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജന്‍. ദളിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റുമാണ്.
മുസ്ലിംലീഗിന്റെ 77 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ദേശീയ കമ്മിറ്റിയിലേക്ക് വനിതകള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. സ്ത്രീ പ്രാതിനിധ്യ സംബന്ധിച്ച് CPIM അടക്കം നിരന്തരം മുസ്ലിംലീഗിനെ വിമര്‍ശിച്ചിരുന്നു. MSF ഹരിത വിവാദ കാലത്ത് ഇതേ വിമര്‍ശനത്തിന് ആക്കം കൂടുകയും ചെയ്തിരുന്നു. ഈ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ചരിത്ര പ്രാധാന്യമുള്ള തീരുമാനത്തിലേക്ക് മുസ്ലിം ലീഗ് നേതൃത്വം എത്തിച്ചേര്‍ന്നത്. മുസ്ലിംലീഗിന്റെ ദേശീയ നേതൃനിരയിലെ വനിതാ മുഖമായിരുന്നു ഫാത്തിമ മുസഫര്‍. പൗരത്വ പ്രക്ഷോഭകാലത്ത് ഇന്ത്യയിലുടനീളം സഞ്ചരിച്ച് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
2022 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചെന്നൈ കോര്‍പ്പറേഷനിലെ 61 ാം വാര്‍ഡില്‍ നിന്ന് വിജയിച്ചു. ചെന്നൈ കോര്‍പ്പറേഷനിലെ കോണി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ആദ്യ വനിത എന്ന ഖ്യാതി ഫാത്തിമ മുസഫറിന്. ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും കരസ്ഥമാക്കിയ ഫാത്തിമ മുസഫര്‍, മുസ്ലിം പഴ്‌സനല്‍ ലോ ബോര്‍ഡ്, തമിഴ്‌നാട് വഖഫ് ബോര്‍ഡ്, മുസ്ലിം വുമണ്‍ എയിഡ് സൊസൈറ്റി, മുസ്ലിം വുമണ്‍സ് അസോസിയേഷന്‍ എന്നിവയില്‍ അംഗവുമാണ്.
അപ്രതീക്ഷിതമായിരുന്നു ജയന്തി രാജന്‍ ദേശീയ കമ്മിറ്റിയിലേക്കുള്ള വരവ്. കേരളത്തില്‍ ദളിത് ലീഗിന്റെ വനിതാ വിഭാഗം പ്രസിഡണ്ടും, ദേശീയതലത്തില്‍ വനിതാ ലീഗിന്റെ സെക്രട്ടറിയുമാണ് ജയന്തി രാജന്‍. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചേലക്കര നിയമസഭാ മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുത്ത് ജയന്തി രാജനെ കെ രാധാകൃഷ്ണനെതിരെ മത്സരിപ്പിക്കാന്‍ ലീഗ് നേതൃത്വം ആലോചിച്ചിരുന്നു. വയനാട് ഇരളം സ്വദേശിയായ ജയന്തി രാജന്‍ പൂതാടി ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. ഫാത്തിമ മുസഫറിനെയും ജയന്തി രാജനെയും ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായാണ് തെരഞ്ഞെടുത്തത്.
അതേസമയം രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനായി സാദിഖലി തങ്ങളും ദേശീയ ഭാരവാഹികളായി പി.കെ കുഞ്ഞാലിക്കുട്ടിയും പ്രൊഫസര്‍ കെഎം ഖാദര്‍ മൊയ്തീനും തുടരും. MSFന്റെയും യൂത്ത് ലീഗിന്റെയും കമ്മറ്റികളില്‍ വനിതാ പ്രാതിനിധ്യം ലീഗ് നേതൃത്വം കൊണ്ടുവന്നിരുന്നു. ഫാത്തിമ തഹ്‌ലിയയെ MSF ന്റെ ദേശീയ വൈസ് പ്രസിഡന്റായി ലീഗ് തിരഞ്ഞെടുത്തിരുന്നു.
അതേസമയം നിലവിലെ ഭാരവാഹികള്‍ ആയിരുന്ന ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും, ട്രഷററായി പി.വി. അബ്ദുല്‍ വഹാബ് എംപിയും തുടരും. മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനായ മുനവ്വറലി ശിഹാബ് തങ്ങളും, രാജ്യസഭ എം.പി. ഹാരിസ് ബീരാനും ദേശീയ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
യൂത്ത് ലീഗിന്റെ അഖിലേന്ത്യ ഭാരവാഹിയായിരുന്നു ഫൈസല്‍ ബാബുവും ദേശീയ കമ്മിറ്റിയിലെത്തി. 28 അംഗ ഭാരവാഹികളെയാണ് ദേശീയ കൗണ്‍സില്‍ ലോകം പ്രഖ്യാപിച്ചത്. അടുത്ത ദിവസങ്ങളില്‍ദേശീയ എക്‌സിക്യൂട്ടീവിനെ പ്രഖ്യാപിക്കും.16 സംസ്ഥാനങ്ങളില്‍ നിന്നായി 500 അധികം പ്രതിനിധികളാണ് ചെന്നൈ അബു പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്. ഡല്‍ഹിയില്‍ ഉത്ഘാടനം ചെയ്യപ്പെടാന്‍ പോകുന്ന ദേശീയ ആസ്ഥാനം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ കൗണ്‍സില്‍ രൂപം നല്‍കി.