അന്‍വര്‍ ഇനി എല്‍ഡിഎഫിലില്ല; എല്ലാ ബന്ധവും സിപിഎം അവസാനിപ്പിച്ചെന്ന് പാര്‍ട്ടി സെക്രട്ടറി

കള്ളപ്രചാരങ്ങൾക്കെതിരെ പാർട്ടി അംഗങ്ങൾ രംഗത്തിറങ്ങണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു
അന്‍വര്‍ ഇനി എല്‍ഡിഎഫിലില്ല; എല്ലാ ബന്ധവും സിപിഎം അവസാനിപ്പിച്ചെന്ന് പാര്‍ട്ടി സെക്രട്ടറി
Published on

പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പോര്‍മുഖം തുറന്ന് സിപിഎം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനം വിളിച്ച് മറുപടിയുമായി പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തി. അന്‍വറിന് കമ്മ്യൂണിസ്റ്റ് രീതികള്‍ അറിയില്ലെന്നും പാര്‍ട്ടി അംഗമല്ലാത്ത അദ്ദേഹത്തിന് അണികളുടെ പേരില്‍ ആളാകാന്‍ അര്‍ഹതയില്ലെന്നും എം.വി ഗോവിന്ദന്‍ തുറന്നടിച്ചു. എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രതിപക്ഷം അൻവറിന്റെ ആരോപണം ഏറ്റുപിടിച്ചുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. അൻവറിന് ഇടത് പാരമ്പര്യമില്ല. പാര്‍ട്ടിയുടെ ഭാഗവുമല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അൻവറിന്റെ കുടുംബ പാരമ്പര്യം കോൺഗ്രസ്സിന്‍റേതാണ്.

അൻവറിനു കമ്മ്യൂണിസ്റ്റ് രീതികളെ പറ്റി ധാരണയില്ല. കള്ളപ്രചാരങ്ങൾക്കെതിരെ പാർട്ടി അംഗങ്ങൾ രംഗത്തിറങ്ങണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അൻവർ പാർട്ടിയിലും മുഖ്യമന്ത്രിയിലും വിശ്വാസം അർപ്പിച്ചില്ലെന്നും, ബിജെപി - യുഡിഎഫ് ഉന്നയിക്കുന്ന വാദമാണ് അൻവർ ഉന്നയിച്ചതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.


പാര്‍ട്ടിക്ക് പാര്‍ലമെന്ററി പ്രവര്‍ത്തനം വളരെ പ്രധാനപെട്ടതാണ്. പാര്‍ട്ടിയുടെ കാഴ്ച്ചപ്പാട് ജനങ്ങള്‍ക്ക് ആകമാനം നീതി നേടുന്നതിനും, പാവപ്പെട്ടവരുടെ ജീവിത പ്രശ്‌നം പരിഹരിക്കുന്നതിനും ജീവിതം ഗുണമേന്മയുള്ളതാക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ്. പാര്‍ട്ടിയിലെ സാധാരണക്കാരുടെ വികാരം എടുത്ത് പ്രവര്‍ത്തിക്കുന്നു എന്ന അവകാശ വാദം ശരിയല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

അനുഭവ പരിചയമില്ലാത്ത അന്‍വര്‍ എല്‍ഡിഎഫില്‍ നിന്ന് മാറി മധ്യത്തില്‍ നില്‍ക്കുന്നു. ഒടുവില്‍ എവിടെ എത്തും എന്ന് എല്ലാവര്‍ക്കും അറിയാം. മറുനാടന്‍ മലയാളിയെ പൂട്ടിക്കണം എന്നായിരുന്നു അന്‍വര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അന്‍വര്‍ എഡിജിപിക്കെതിരെ മറുനാടന്‍ പറഞ്ഞ കാര്യങ്ങളാണ് പറയുന്നത്.


അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. സുജിത് ദാസിനെ സസ്‌പെന്റ് ചെയ്തു. സെക്രട്ടേറിയേറ്റ് പരാതി പരിഗണിച്ചു. അന്‍വര്‍ ആദ്യം നല്‍കിയ പരാതിയില്‍ പി.ശശിക്കെതിരെ ആരോപണമില്ലായിരുന്നു. രണ്ടാമതാണ് ശശിക്കെതിരെ പരാതി നല്‍കിയത്. ഇതിനു ശേഷം താന്‍ നേരിട്ട് വിളിച്ചുവെന്നും മൂന്നാം തീയതി കാണാം എന്ന് അന്‍വര്‍ പറഞ്ഞു.

വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയുടേതാണ് ഞങ്ങളുടേത്. വിമര്‍ശനങ്ങളും സ്വയ വിമര്‍ശനങ്ങളും ഇല്ലാതെ പാര്‍ട്ടിയില്ല. എഡിജിപിയെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനും പാര്‍ട്ടിക്കും ഇല്ല. ഇക്കാര്യത്തില്‍ സിപിഎമ്മിനും സിപിഐയ്ക്കും സ്വന്തം അഭിപ്രായം ഉണ്ട്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com