പി. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണമില്ല; രാഷ്ട്രീയമായി യാതൊരു ആരോപണവും ഉയർന്നിട്ടില്ലെന്ന് എം.വി. ​ഗോവിന്ദൻ

പൊളിറ്റിക്കൽ സെക്രട്ടറി ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്ന് പാർട്ടി കരുതുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു
പി. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണമില്ല; രാഷ്ട്രീയമായി യാതൊരു ആരോപണവും ഉയർന്നിട്ടില്ലെന്ന് എം.വി. ​ഗോവിന്ദൻ
Published on

മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ സംരക്ഷിച്ച് സിപിഎം. അൻവർ എംഎൽഎ എഴുതി തന്ന പരാതിയിൽ പി. ശശിയെക്കുറിച്ച് ഒന്നുംതന്നെ പറഞ്ഞിട്ടില്ല. ശശിയെക്കുറിച്ചുള്ള എന്തെങ്കിലും കാര്യത്തിലേക്ക് ഇപ്പോൾ കടക്കേണ്ടതില്ലെന്നും സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

രാഷ്ട്രീയമായി ശശിയെക്കുറിച്ച് എന്തെങ്കിലും ഒരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ പരിശോധനയുടെ ആവശ്യമില്ല. ശശിക്കെതിരെ പരാതി എഴുതി തന്നാൽ പരിശോധിക്കുമെന്നും,  പൊളിറ്റിക്കൽ സെക്രട്ടറി ഉത്തരവാദിത്തം നിർവഹിക്കുന്നില്ല എന്ന് പാർട്ടി കരുതുന്നില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പി.വി. അൻവർ പരാതി ഉന്നയിക്കേണ്ടിയിരുന്നത് ഇങ്ങനെയല്ല. പാർട്ടി അംഗമല്ലാത്തതിനാൽ സംഘടനാ കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയില്ല. ആരോപണം വെറുതെ പറഞ്ഞാൽ പോരല്ലോ. കൃത്യമായി പറയണ്ടേ. ആര് പരാതി ഉന്നയിച്ചാലും ഗൗരവമായി പരിശോധിക്കും. അൻവറിൻ്റെ പിന്നിൽ ആരുമില്ലെന്നും സെക്രട്ടറി പറഞ്ഞു. പരാതിയില്‍ ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ ഭരണതലത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതില്‍ ഭരണതലത്തിലുള്ള പരിശോധനയാണ് ഉണ്ടാകേണ്ടത് എന്നാണ് പാർട്ടി അഭിപ്രായമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.


പൊലീസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും ഉത്തരവാദിത്തം പി. ശശിക്കാണെന്നാണ് അൻവറിൻ്റെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ട് കുറഞ്ഞതിനു കാരണം ശശിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പൊതുവിഷയങ്ങളിൽ ഇടപെടാൻ കഴിയാത്ത ഒരു ബാരിക്കേഡ് പൊലീസ് ഉണ്ടാക്കിയെന്നും പൊലീസ് സ്റ്റേഷനുകളിൽ മാഫിയ രൂപപ്പെട്ടുവെന്നും അൻവർ പറയുന്നു. ഇത്തരം കാര്യങ്ങളെല്ലാ പി. ശശി കാരണമാണ് സംഭവിക്കുന്നതെന്നും അന്‍വര്‍ ഉന്നയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com