
ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ സിപിഎമ്മിന് തലവേദനയായി പ്രാദേശിക തലത്തിലെ വിഭാഗീയത. തർക്കങ്ങൾ മറനീക്കി പുറത്തുവരുന്നിടത്തെല്ലാം കടുത്ത നടപടിയെടുക്കുമ്പോഴും, വിഭാഗീയത കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. തിരുവനന്തപുരത്ത് മംഗലപുരം ഏരിയ സമ്മേളനത്തിൽനിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയതാണ് നേതൃത്വത്തിന് ഒടുവിലത്തെ തലവേദനയായത്.
കൊല്ലം കുലശേഖരപുരം സൗത്ത് ലോക്കൽ കമ്മിറ്റി സമ്മേളനം കയ്യാങ്കളിയിൽ കലാശിച്ചതിന് പിന്നാലെയാണ് മംഗലപുരം ലോക്കൽ സമ്മേളനത്തിലും വിഭാഗീയത മറ നീക്കി പുറത്തുവന്നത്. മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി വി. ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോയത്. മധുവിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത് വി. ജോയി എതിർത്തതാണ് പൊട്ടിത്തെറിക്ക് കാരണം. തൊട്ടുപിന്നാലെ ന്യൂസ് മലയാളത്തോട് പ്രതികരിക്കുമ്പോൾ പാർട്ടി വിടുകയാണെന്ന് മധു മുല്ലശ്ശേരി തുറന്നടിച്ചു.
കരുനാഗപ്പള്ളിക്ക് പിന്നാലെ, തിരുവല്ലയിലെ വിഭാഗീയത പ്രശ്ന പരിഹാരത്തിനും എം.വി. ഗോവിന്ദൻ നേരിട്ടിറങ്ങി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റിൽ കർശന നടപടികൾക്കാണ് തീരുമാനം എടുത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ഒരു വിഭാഗം ശ്രമിച്ചെന്ന് പരാമർശിക്കുന്ന റിപ്പോർട്ട് ചോർന്നതിൽ, തിരുവല്ല ടൗൺ നോർത്ത് എൽസി സെക്രട്ടറി കെ.കെ. കൊച്ചുമോനെ നേതൃത്വം നീക്കം ചെയ്തു.
പുറത്തുവന്ന പ്രവർത്തന റിപ്പോർട്ട് വ്യാജമെന്ന് പറഞ്ഞ് തലയൂരാനാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ശ്രമിച്ചത്. വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ സാഹചര്യത്തിൽ പിരിച്ചുവിട്ട കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് പകരമുള്ള ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലയേൽപ്പിച്ചു.
വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന് സംസ്ഥാന സമിതി അംഗം സൂസൻ കോടിയെയും പി. ആർ. വസന്തനെയും തരംതാഴ്ത്തിയേക്കുമെന്നും സൂചനകളുണ്ട്. പാർട്ടിയിൽ തെറ്റായ പ്രവണത വച്ചു പൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകി. ഇതാദ്യമായി കരുനാഗപ്പള്ളയിൽ നിന്നുള്ള പ്രതിനിധികൾ ഇല്ലാതെയാകും കൊല്ലം ജില്ലാ സമ്മേളനം നടക്കുക.