മുരളീധരനെ ആണ് മത്സരിപ്പിക്കേണ്ടത് എന്ന് പാലക്കാട് ഡിസിസി ഏകകണ്ഠമായി അഭിപ്രായപ്പെട്ട കാര്യമാണെന്ന് മനസിലായതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
കെ. മുരളീധരനെ മത്സരിപ്പിക്കണമെന്ന പാലക്കാട് ഡിസിസി തീരുമാനത്തെ മറികടന്നാണ് വി.ഡി. സതീശനും ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിനുള്ളിലെ ഭിന്നതയാണ് ഇത് തുറന്നു കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗ് ജമാത്തെ ഇസ്ലാമിയുമായും എസ്‌ഡിപിഐയുമായും ചേർന്ന് പ്രവർത്തിക്കുകയാണ്. മതനിരപേക്ഷ സമൂഹത്തിന് ഉത്കണ്ഠയുണ്ടാക്കുന്ന സമീപനമാണ് ലീഗിന്‍റേതെന്ന് മുഖ്യമന്ത്രി പറഞ്ഞതായും എം.വി. ഗോവിന്ദൻ പറഞ്ഞു. ലീഗ് വർഗീയ ശക്തിയുമായി ചേരുന്നു എന്നുള്ളതാണ് പാർട്ടി നിലപാട്. കൂടാതെ ദേശവ്യാപകമായി വർഗീയ നിലപാട് സ്വീകരിക്കുന്ന ജമാഅത്ത് ഇസ്ലാമിയുമായി ചർച്ച നടത്തുന്നു. ഇവർ ഒന്നിച്ചു നിൽക്കുമ്പോൾ ലീഗിൻ്റെ മതനിരപേക്ഷ നിലപാടിൽ മാറ്റം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: "പാലക്കാട് മത്സരിക്കണമെന്ന് ഡിസിസി നിർദേശിച്ച കാര്യം അന്നേ അറിഞ്ഞിരുന്നു"; വെളിപ്പെടുത്തി കെ. മുരളീധരൻ
തൃശൂർപൂരം കലക്കാനുള്ള ശ്രമം നടത്തിയെങ്കിലും പൂരം കലങ്ങിയിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. കെ. സുധാകരൻ്റെ ഭീഷണി പ്രസംഗത്തെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. സിപിഎം നേതാക്കൾ ആയിരുന്നു ഇത്തരത്തിൽ പറഞ്ഞതെങ്കിൽ മാധ്യമങ്ങൾ മാസങ്ങളോളം ആഘോഷിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ. മുരളീധരനെ സ്ഥാനാർഥിയാക്കുന്നതിനെ സംബന്ധിച്ച് കത്ത് പുറത്തു വന്നത് കാണിക്കുന്നത് പാലക്കാട് കോൺഗ്രസിലെ അമർഷമാണെന്ന് എം.ബി. രാജേഷ് പറഞ്ഞു. ആരുടെ താൽപ്പര്യത്തിനു വേണ്ടിയാണ് സ്ഥാനാർഥിയെ മാറ്റിയതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
പാലക്കാട് ഡിസിസി തന്നെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിരുന്നെന്നും, ആ കത്ത് തനിക്ക് വാട്സാപ്പിൽ ലഭിച്ചിരുന്നുവെന്നും അന്നുതന്നെ താൻ അത് ഡിലീറ്റ് ചെയ്തുവെന്നും കെ. മുരളീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കത്ത് വിവാദം ഉയർന്നു വന്നത്.
താൻ വഴി അത് പുറത്തുവരരുതെന്ന് ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും, പക്ഷെ നിർണായകഘട്ടത്തിൽ കത്ത് എങ്ങനെ പുറത്തുപോയി എന്നതും ആലോചനയ്ക്ക് വിധേയമാക്കേണ്ട ഒന്നാണെന്നും കെ. മുരളീധരൻ പ്രതികരിച്ചിരുന്നു. ഈ കത്ത് പുറത്ത് വന്നതുകൊണ്ട് പാലക്കാട് യുഡിഎഫ് സ്ഥാനാർഥിക്ക് ക്ഷീണം ഉണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.