വേടനെ വേട്ടയാടാന്‍ ഉദ്ദേശ്യമില്ല; സര്‍ക്കാര്‍ നടപടി തെറ്റ് തിരുത്താനുള്ള അവസരമായി കണ്ടാല്‍ മതി: എം.വി. ഗോവിന്ദന്‍

മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസില്‍ വനം വകുപ്പ് സ്റ്റേ നീക്കുമോ എന്ന ചോദ്യത്തിന് തീരുമാനം എടുക്കേണ്ടത് വനംവകുപ്പ് ആണെന്നും സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞു.
വേടനെ വേട്ടയാടാന്‍ ഉദ്ദേശ്യമില്ല; സര്‍ക്കാര്‍ നടപടി തെറ്റ് തിരുത്താനുള്ള അവസരമായി കണ്ടാല്‍ മതി: എം.വി. ഗോവിന്ദന്‍
Published on
Updated on


റാപ്പര്‍ വേടനെ വീണ്ടും പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വേടനെ വേട്ടയാടാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല. തെറ്റ് പറ്റിയെന്ന് വേടന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നടപടി തിരുത്താനുള്ള അവസരമായി കണ്ടാല്‍ മതിയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

'ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരനാണ് വേടന്‍. ദളിത് വിഭാഗത്തിന്റെയും അരികുവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെയും താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ്. വേടന്റെ പ്രത്യേകതയെ കൃത്യമായി മനസിലാക്കണം. തെറ്റായ പ്രവണത സ്വീകരിച്ചിട്ടുണ്ടെന്ന് വേടന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് തിരുത്തുകയാണെന്നും പറഞ്ഞിട്ടുണ്ട്. തിരുത്താനുള്ള ഒരു ഇടപെടലെന്ന രീതിയില്‍ സര്‍ക്കാര്‍ നീക്കത്തെ കണ്ടാല്‍ മതി,' എം.വി. ഗോവിന്ദന്‍ പറഞ്ഞു.

വേടന് സമൂഹത്തിന്റെ സംരക്ഷണമുണ്ടെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസില്‍ വനം വകുപ്പ് സ്റ്റേ നീക്കുമോ എന്ന ചോദ്യത്തിന് തീരുമാനം എടുക്കേണ്ടത് വനംവകുപ്പ് ആണെന്നും സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞു.

വേടന്റെ ഫ്‌ളാറ്റില്‍ നിന്നും ഏഴ് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ പിടികൂടുന്ന സമയത്ത് വേടന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നില്ലെന്ന് ദേഹ പരിശോധനയില്‍ നിന്ന് വ്യക്തമായിരുന്നു. കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫ്‌ളാറ്റിലുണ്ടായിരുന്ന 9 പേര്‍ക്കും രാത്രിയോടെ സ്റ്റേഷന്‍ ജാമ്യം നല്‍കുകയായിരുന്നു.

എന്നാല്‍ കഴുത്തിലുണ്ടായിരുന്ന മാലയില്‍ പുലിയുടെ പല്ല് കണ്ടെത്തിയതോടെയാണ് വേടനെതിരേ വനംവകുപ്പ് കേസെടുത്തത്. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നായിരുന്നു വേടന്റെ മൊഴി. മൃഗവേട്ടയടക്കമുള്ള ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തത്. എന്നാല്‍ പുലിപ്പല്ല് കേസില്‍ വേടന് കോടതി ജാമ്യം അനുവദിച്ചു.

തുടരന്വേഷണം നടക്കുന്നത് കൊണ്ട് ജാമ്യം അനുവദിക്കരുതെന്ന വനംവകുപ്പ് ആവശ്യം, പെരുമ്പവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്നായിരുന്നു പെരുമ്പാവൂര്‍ കോടതിയുടെ കണ്ടെത്തല്‍. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും മാലയിലെ പുലിപ്പല്ല് യഥാര്‍ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയുടെ ജാമ്യ ഉത്തരവില്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com