
ലോകത്ത് ഇൻ്റർനെറ്റ് സ്വാതന്ത്ര്യം ഏറ്റവും കുറഞ്ഞ രാജ്യങ്ങൾ മ്യാൻമറും ചൈനയുമെന്ന് റിപ്പോർട്ട്. തുടർച്ചയായ 14 -ആം വർഷമാണ് ആഗോള തലത്തിൽ ഇൻ്റർനെറ്റ് സ്വാതന്ത്ര്യം കുത്തനെ കുറയുന്നത്. ഫ്രീഡം ഓൺ ദി നെറ്റി (FOTN)ന്‍റെ റിസർച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 72 രാജ്യങ്ങളിൽ 27 എണ്ണത്തിലും മനുഷ്യാവകാശ സംരക്ഷണം കുറഞ്ഞു എന്നും റിപ്പോർട്ട് പറയുന്നു. മാധ്യമസ്വാതന്ത്ര്യം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ചൈനയുടെ ഒപ്പമെത്തുന്ന മാറ്റൊരു രാജ്യമായി മ്യാൻമർ മാറിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജനങ്ങൾ നിയമാനുസൃതമായി അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആസ്വദിക്കുന്നുണ്ടെന്നായിരുന്നു ചൈനയുടെ പ്രതികരണം. റിപ്പോർട്ട് തികച്ചും അടിസ്ഥാനരഹിതവും ഗൂഢലക്ഷ്യത്തോടെ നിർമിച്ചതാണെന്നുമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞത്.
മ്യാൻമാർ സർക്കാർ, വിയോജിപ്പുകളെ അടിച്ചമർത്തുകയും സെൻസർഷിപ്പ് ഏർപ്പെടുത്തുകയും ഓൺലൈൻ കണ്ടന്‍റുകളിൽ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്‌തതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇൻ്റർനെറ്റ് നിയന്ത്രണങ്ങൾ മറികടക്കാൻ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള (വിപിഎൻ) ആക്‌സസ്സ് തടയുന്നതിനായി മെയ് മാസത്തിൽ സർക്കാർ നടത്തിയ പുതിയ നടപടികളും റിപ്പോർട്ട് എടുത്തുകാണിക്കുന്നുണ്ട്.
അതേസമയം, അസർബൈജാനിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൻ്റെ പേരിൽ ആളുകളെ തടവിലാക്കിലാക്കുകയും, ഇറാഖിൽ ഒരു ആക്ടിവിസ്റ്റ് കൊല്ലപ്പെടുകയും ചെയ്ത സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. "FOTN പരിരക്ഷിക്കുന്ന രാജ്യങ്ങളുടെ മുക്കാൽ ഭാഗങ്ങളിലും, ഇൻ്റർനെറ്റ് ഉപയോക്താക്കൾ അക്രമാസക്തമല്ലാത്ത പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരിൽ ചിലരെ 10 വർഷത്തിലധികം തടവ് ശിക്ഷയ്ക്ക് വിധിച്ചതായും യുഎസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്രീഡം ഹൗസിൻ്റെ പഠനത്തിൽ പറയുന്നു.
ലോകത്തിലെ ഏറ്റവും മികച്ച സ്വാതന്ത്ര്യ ഓൺലൈൻ അന്തരീക്ഷമുള്ള രാജ്യം ഐസ്‌ലാൻഡ് ആണ്. എസ്റ്റോണിയ, കാനഡ, ചിലി, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ സാംബിയ നില മെച്ചപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ചിലിയിലും നെതർലാൻഡിലും ഓൺലൈൻ മനുഷ്യാവകാശങ്ങൾക്കായുള്ള ശക്തമായ സുരക്ഷ നൽകുന്നതായി റിപ്പോർട്ടിൽ പറഞ്ഞു.