മ്യാൻമറിൽ 6000ത്തോളം തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സൈനിക കൗൺസിൽ; ഓങ് സാൻ സൂ ചിയുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നു

ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 77 വർഷം തികയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം
മ്യാൻമറിൽ 6000ത്തോളം തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സൈനിക കൗൺസിൽ; ഓങ് സാൻ സൂ ചിയുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുന്നു
Published on

മ്യാൻമറിൽ വാ‍ർഷിക പൊതുമാപ്പിൻ്റെ ഭാ​ഗമായി 5864 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സൈനിക കൗൺസിൽ (ജുണ്ട). ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 77 വർഷം തികയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 180 വിദേശപൗരന്മാരായ തടവുകാരെയും മോചിപ്പിച്ചേക്കും.

മനുഷ്യത്വത്തിൻ്റെയും അനുകമ്പയുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സൈനിക കൗൺസിൽ അറിയിച്ചു. ഇതിൻ്റെ ഭാ​ഗമായി 144 തടവുകാരുടെ ജീവപര്യന്തം ശിക്ഷ 15 വർഷമാക്കി കുറയ്ക്കുകയും ചെയ്യും. മോചിപ്പിക്കുന്ന തടവുകാരുടെ വിശദാംശങ്ങളോ പൗരത്വമോ ഒന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

2021ൽ സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുത്തതിനുശേഷം സൈന്യം മുന്നറിയിപ്പില്ലാതെ തടവിലാക്കിയ മുൻ പ്രധാനമന്ത്രി ഓങ് സാൻ സൂ ചിയെ മോചിപ്പിച്ചേക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും സൂചനയൊന്നും ലഭിച്ചിട്ടില്ല. 79കാരിയായ ഓങ് സാൻ സൂ ചി പതിനാല് ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട് 27 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. സൈനിക അട്ടിമറിക്ക് ശേഷം പട്ടാള ഭരണത്തെ എതിർത്തതിൻ്റെ പേരിൽ തടവിലാക്കിയിരിക്കുന്ന ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരിൽ ആരെയെങ്കിലും മോചിപ്പിച്ചേക്കുമോ എന്നതും ഇതുവരെയും വ്യക്തമല്ല.

മ്യാൻമർ പതിവായി പ്രത്യേക ദിനങ്ങളുടെയും ബുദ്ധമത ആഘോഷങ്ങളുടെയും ഭാ​ഗമായി ആയിരക്കണക്കിന് ആളുകൾക്ക് ശിക്ഷാ ഇളവ് നൽകാറുണ്ട്. കഴിഞ്ഞ വ‍ർഷം 9000 തടവുകാരെ സൈനിക കൗൺസിൽ മോചിപ്പിച്ചിരുന്നു.

2021ൻ്റെ തുടക്കം മുതൽ മ്യാൻമർ പ്രക്ഷുബ്ധമാണ്. സൈന്യം തെരഞ്ഞെടുക്കപ്പെട്ട സിവിലിയൻ സർക്കാരിനെ അട്ടിമറിക്കുകയും ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളെ അക്രമാസക്തമായി അടിച്ചമർത്തുകയും രാജ്യവ്യാപകമായി സായുധ കലാപത്തിന് തുടക്കമിടുകയും ചെയ്തിരുന്നു. ഈ വർഷം തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജുണ്ട അറിയിച്ചിരുന്നുവെങ്കിലും, പദ്ധതി വ്യാജമാണെന്ന് ആരോപിച്ച് പ്രതിപക്ഷ ഗ്രൂപ്പുകൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com