പ്രതി അജ്മലിനെ മർദിച്ച അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്നവർക്കെതിരെയാണ് കേസ്
കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാതക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
അപകട ശേഷം ഓണ്‍ലൈൻ വഴിയാണ് KL 23Q9347 നമ്പരുള്ള കാറിൻ്റെ ഇന്‍ഷുറന്‍സ് പുതുക്കിയത്. ഇൻഷുറൻസ് പുതുക്കിയതില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും പൊലീസ് വിവരം തേടി.
അതേസമയം പ്രതി അജ്മലിനെ മർദിച്ച അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്.
കേസില്‍ ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്ന് ആവശ്യപ്പെടും. ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ പൂർത്തിയാക്കാനാണ് നീക്കം.
രണ്ട് പ്രതികളെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മനപ്പൂർവമുള്ള നരഹത്യയാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അജ്മലിൻ്റെയും ശ്രീക്കുട്ടിയുടെയും രക്ത സാമ്പിളുകളടക്കം പൊലീസ് ശേഖരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അജ്മലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചിരുന്നു.