2017 ഏപ്രില്‍ 9നാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊല സംസ്ഥാന തലസ്ഥാനത്ത് അരങ്ങേറിയത്
2017 ഏപ്രിൽ 9നാണ് നാടിനെ ഞെട്ടിച്ച് കൊണ്ട് നന്ദൻകോട് ഒരു വീട്ടിൽ കൂട്ടക്കൊലപാതകം അരങ്ങേറിയത്. ഒരു കുടുംബത്തിലെ നാലുപേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മകൻ കേഡൽ ജീൻസൺ അറസ്റ്റിലായതോടെ സംഭവം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങി. സംഭവത്തിൽ വിചാരണ നേരിടാനുള്ള മാനസിക പ്രാപ്തി പ്രതിക്ക് ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട്, വിചാരണ വർഷങ്ങളോളം നീക്കിവെച്ചിരിക്കുകയായിരുന്നു. എന്നാലിപ്പോൾ കോടതി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ്, പ്രതിയായ കേഡൽ ജീൻസന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും വിചാരണക്ക് പ്രാപ്തനാണെന്നും കണ്ടെത്തി. നാടിനെ നടുക്കിയ നന്ദൻകോട് കൊലപാതകം എന്തായിരുന്നു? എന്താണ് ആസ്ട്രൽ പ്രൊജക്ഷൻ എന്ന് നോക്കാം.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2017 ഏപ്രില്‍ 9നാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊല സംസ്ഥാന തലസ്ഥാനത്ത് അരങ്ങേറിയത്. തിരുവനന്തപുരം ജില്ലയുടെ നഗരമധ്യത്തില്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ വീട്ടിൽ നടന്ന അരുംകൊല. പ്രൊഫസർ രാജാ തങ്കം, ജീൻ പത്മ, മകൾ കരോളിൻ, ബന്ധു ലളിത എന്നിവർക്കാണ് ദാരുണാന്ത്യം ഉണ്ടായത്. രാത്രി ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് തീയും പുകയും ഉയർന്ന് വരുന്നത് കണ്ട നാട്ടുകാർ ആ വീട്ടിലേക്ക് ഓടിച്ചെല്ലുകയായിരുന്നു. സംഭവ സ്ഥലത്ത് ഇവരുടെ മകനായ കേഡൽ ജീൻസണെ കാണാനില്ലായുന്നു. അത് നാട്ടുകാർക്കിടയിൽ സംശയം ഉയർത്തി. കൊലപാതക വിവരം പുറം ലോകം അറിഞ്ഞതും ഇങ്ങനെയായിരുന്നു.
അന്ന് വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍ക്കാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചത്. അവരെത്തി നോക്കിയപ്പോൾ കണ്ടതാകട്ടെ ഞെട്ടിക്കുന്ന കാഴ്ച. വീട്ടിൽ മൊത്തം നാല് മൃതദേഹങ്ങൾ കത്തി കരിഞ്ഞ് പുഴുവരിച്ച നിലയിൽ കിടക്കുന്നു. ഉടൻ തന്നെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുന്നു. സംഭവസ്ഥലത്ത് ഇവരുടെ മകനെ കാണാത്തത് കൊണ്ട് തന്നെ പൊലീസ് ഇയാളാണ് കൊല നടത്തിയത് എന്ന് അനുമാനിക്കുന്നു. എന്നാൽ കൊല നടത്തിയ ശേഷം ചെന്നൈയിൽ ഒളിവിൽ പോയ കേഡൽ ജീൻസനെ ഒരാഴ്ചകകം തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ കാണുന്നു. ഉടൻ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നു.
എന്തായിരുന്നു കൊലപാതക കാരണം എന്ന് പൊലീസ് ചോദിച്ചപ്പോൾ പ്രതി പറഞ്ഞ ഉത്തരം അന്ന് കേരളമൊട്ടാകെ ചില്ലറ ഭീതിയും കൗതുകവുമാണ് നൽകിയത്. 'ആസ്ട്രൽ പ്രൊജക്‌ഷൻ'.എന്നതായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞ മറുപടി. തുടക്കത്തിൽ ഇതെന്താണെന്ന് പൊലീസിന് മനസിലായില്ല. അതിനാൽ പൊലീസ് മനശാസ്ത്രജ്ഞരുടെ സഹായം തേടി. ഇതോടെ പുറത്ത് വന്നത് കേരള മനസാക്ഷി ഒട്ടാകെ പിടിച്ച് കുലുക്കിയ ഞെട്ടിക്കുന്ന വിവരങ്ങളാണ്. മരണ ശേഷം തന്റെ കുടുംബാംഗങ്ങളുടെ ആത്മാവ് സ്വർഗത്തിലൂടെ പറക്കുന്നത് തനിക്ക് കാണണമായിരുന്നു. അതിന് വേണ്ടിയാണ് അവരെ കൊന്നത്. ഇതാണ് കേഡൽ മനശാസ്ത്രജ്ഞർക്ക് നൽകിയ മറുപടി. ആദ്യം കൊന്നത് അമ്മയെയായിരുന്നു. പിന്നീട് അച്ഛനേയും അനിയത്തിയേയും, കൊന്ന ശേഷം മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.
ഓണ്‍ലൈന്‍ വഴി കേഡൽ ജീൻസൻ, മാസങ്ങൾക്ക് മുൻപ് തന്നെ കൃത്യം നടത്തുന്നതിനായി ഒരു മഴു വാങ്ങി കൈയ്യിൽ വെച്ചിരുന്നു. ഒപ്പം ഒരു ആള്‍രൂപുമുണ്ടാക്കി മുറിക്കുള്ളിലും വച്ചു. 'ആസ്ട്രൽ പ്രൊജക്‌ഷൻ' പോലെ ആത്മവിനെ പുറത്തെടുത്തുകൊണ്ടുള്ള ചില പരീക്ഷങ്ങള്‍ ചെയ്തിരുന്നതായി പ്രതി അന്ന് മൊഴി നൽകിയിരുന്നു. പിന്നീട് വീടിന് തീയിട്ടശേഷം ചെന്നൈയിലേക്ക് പോയി. 5000 രൂപ നല്‍കി ഒരു ലോഡ്ജില്‍ മുറിയെടുത്തു. ടിവിയില്‍ ഫോട്ടോ കണ്ട് അവിടെ നിന്നും രക്ഷപ്പെട്ടു. വീണ്ടും ട്രെയിനില്‍ തമ്പാനൂരിലെത്തി.
കൊലപാതകത്തിന്റെ നാലാം നാള്‍ കേഡല്‍ പിടിയിലായെങ്കിലും മാനസിക ആരോഗ്യപ്രശ്നം പറഞ്ഞാണ് വിചാരണ വര്‍ഷങ്ങളോളം വൈകിച്ചത്. എന്നാല്‍ കോടതി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ്, ആരോഗ്യപ്രശ്നങ്ങളില്ലെന്നും വിചാരണക്ക് പ്രാപ്തനാണെന്നും കണ്ടെത്തി. അതോടെ കൊല നടന്ന് ഏഴ് വര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോള്‍ കേഡല്‍ കോടതിയിലേക്കെത്തുകയാണ്. കുറ്റപത്രം കേൾക്കാൻ. എന്നാൽ അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ അടങ്ങിയ സിഡിയുടെ പകർപ്പ് ലഭിച്ചില്ല എന്ന പ്രതിഭാഗത്തിന്റെ വാദത്തിൽ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവെച്ചു. തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇനി കേരളം കാത്തിരിക്കുന്നത് അരുംകൊലക്ക് കോടതി കാത്ത് വച്ചിരിക്കുന്ന ശിക്ഷയെന്താണന്നറിയാൻ വേണ്ടിയാണ്.