fbwpx
നന്തന്‍കോട് കൂട്ടക്കൊല; കേരളം ഞെട്ടിയ ആസ്ട്രല്‍ പ്രൊജക്ഷനും സൈക്കോ കൊലപാതകങ്ങളും
logo

ന്യൂസ് ഡെസ്ക്

Last Updated : 13 May, 2025 02:07 PM

കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേഡലിനെ പൊലീസ് പിടികൂടി. അന്നാദ്യമായി ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നതിനെ കുറിച്ചും കേരളം കേട്ടു

KERALA


കേരളത്തെ ഞെട്ടിച്ച സൈക്കോ കൊലപാതക കേസിലാണ് ഇന്ന് വിധി വന്നിരിക്കുന്നത്. അമ്മയേയും അച്ഛനേയും സഹോദരിയേയും ബന്ധുവായ സ്ത്രീയേയും കേഡല്‍ ജിന്‍സണ്‍ രാജ എന്ന ചെറുപ്പക്കാരന്‍ ക്രൂരമായി കൊന്ന് മൃതദേഹങ്ങള്‍ കത്തിച്ചു. തിരുവനന്തപുരം നഗരത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപത്തായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്.

2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍   പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേഡലിൻ്റെ അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു.

നാല് പേരെ രണ്ട് ദിവസങ്ങളിലായിട്ടാണ് കൊലപ്പെടുത്തിയത്. നാല് പേരേയും കേഡല്‍ കൊലപ്പെടുത്തിയത് മഴു ഉപയോഗിച്ചാണെന്നാണ് കണ്ടെത്തല്‍. 2017 ഏപ്രില്‍ 5 ന് ഉച്ചയ്ക്ക് മുമ്പാണ് അമ്മയായ ഡോ. ജീന്‍ പദ്മയെ കേഡല്‍ കൊലപ്പെടുത്തിയത്. വൈകുന്നേരത്തോടെ അച്ഛന്‍ റിട്ട. പ്രഫ. രാജ തങ്കത്തെയും സഹോദരി കരോലിനെയും കൊലപ്പെടുത്തി. ബന്ധുവായ ലളിതയെ കൊലപ്പെടുത്തിയത് ആറാം തീയതിയാണ്.


Also Read: നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേഡലിന് ജീവപര്യന്തം


കുടുംബാംഗങ്ങളെല്ലാം സുഹൃത്തുമായി കന്യകുമാരിയില്‍ പോയെന്നായിരുന്നു ജോലിക്കാരോട് കേഡല്‍ പറഞ്ഞത്. ആറാം തീയതി വൈകിട്ടോടെ ടിടിസി ജങ്ഷനിലെ പമ്പില്‍ നിന്ന് രണ്ട് കന്നാസ് പെട്രോള്‍ കേഡല്‍ വാങ്ങി. ഇതുമായി വീട്ടിലെത്തിയ പ്രതി മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റിലിട്ട് വെട്ടിനുറുക്കി. ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ജീന്‍ പദ്മ, കരോലിന്‍ എന്നിവരുടെ മൃതദേഹം പൂര്‍ണമായി കത്തി. തീ ആളിപ്പടര്‍ന്ന് കേഡലിനും പൊള്ളലേറ്റിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങളെല്ലാം ശുചിമുറിയില്‍ ഉപേക്ഷിച്ച് കേഡല്‍ ചെന്നൈയിലേക്ക് രക്ഷപ്പെട്ടു. അവിടെ നിന്നും വീണ്ടും തിരുവനന്തപുരത്തേക്ക് വന്നു. ഇതിനിടയില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കേഡലിനെ പിടികൂടുന്നത്.

കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേഡലിനെ പൊലീസ് പിടികൂടി. അന്നാദ്യമായി ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നതിനെ കുറിച്ചും കേരളം കേട്ടു. മാതാപിതാക്കളേയും സഹോദരിയേയും ബന്ധുവിനേയും കേഡല്‍ കൊലപ്പെടുത്തിയത് ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായിട്ടാണെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. പ്രതിക്ക് മാതാപിതാക്കളോട് വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയത്. കേസിലാകെ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.


അന്വേഷണം കേഡലിലേക്ക് നീങ്ങുന്നത് ഇങ്ങനെ:


വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് പ്രദേശവാസികളാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുന്നത്. തീയണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് വീടിനുള്ളില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വീട്ടില്‍ മൊത്തം നാല് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് പുഴുവരിച്ച നിലയില്‍ കിടക്കുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് ഇവരുടെ മകനെ കാണാത്തത് കൊണ്ട് തന്നെ പൊലീസ് ഇയാളാണ് കൊല നടത്തിയത് എന്ന് അനുമാനത്തിലെത്തി. 


എന്തിനായിരുന്നു കൊലപാതകം?


കേഡലിന്റെ അറസ്റ്റോടു കൂടിയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന വാക്ക് കേരളം അറിയുന്നത്. ചോദ്യം ചെയ്യലില്‍ കേഡല്‍ പറഞ്ഞ മറുപടി കേട്ട് പൊലീസിനു മാത്രമല്ല, കേരളത്തിലൊന്നാകെ അമ്പരപ്പും കൗതുകവുമുണ്ടാക്കി. കേഡല്‍ പറഞ്ഞ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്താണെന്നറിയാന്‍ പൊലീസ് മനശാസ്ത്രജ്ഞരുടെ സഹായം തേടി. എന്തിനായിരുന്നു അരുംകൊല എന്ന ചോദ്യത്തിന് കേഡല്‍ നല്‍കിയ മറുപടികള്‍ ഇങ്ങനെയായിരുന്നു, മരണ ശേഷം തന്റെ കുടുംബാംഗങ്ങളുടെ ആത്മാവ് സ്വര്‍ഗത്തിലൂടെ പറക്കുന്നത് തനിക്ക് കാണണമായിരുന്നു. അതിന് വേണ്ടിയാണ് അവരെ കൊന്നത്. ഓണ്‍ലൈന്‍ വഴി കേഡല്‍, മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കൃത്യം നടത്തുന്നതിനായി ഒരു മഴു വാങ്ങി കൈയ്യില്‍ വെച്ചിരുന്നു. ഒപ്പം ഒരു ആള്‍രൂപവുമുണ്ടാക്കി മുറിക്കുള്ളിലും വച്ചു. 'ആസ്ട്രല്‍ പ്രൊജക്ഷന്‍' പോലെ ആത്മവിനെ പുറത്തെത്തിക്കുന്ന ചില പരീക്ഷങ്ങള്‍ ചെയ്തിരുന്നതായി പ്രതി അന്ന് മൊഴി നല്‍കിയിരുന്നു. പിന്നീട് വീടിന് തീയിട്ടശേഷം ചെന്നൈയിലേക്ക് പോയി. 5000 രൂപ നല്‍കി ഒരു ലോഡ്ജില്‍ മുറിയെടുത്തു. ടിവിയില്‍ തൻ്റെ ഫോട്ടോ കണ്ട് അവിടെ നിന്നും രക്ഷപ്പെട്ടു. വീണ്ടും ട്രെയിനില്‍ തമ്പാനൂരിലെത്തി.

കൊലപാതകത്തിന്റെ നാലാം നാള്‍ കേഡല്‍ പിടിയിലായെങ്കിലും മാനസികാരോഗ്യപ്രശ്നം പറഞ്ഞാണ് വിചാരണ വര്‍ഷങ്ങളോളം വൈകിച്ചത്. എന്നാല്‍ കോടതി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ്, ആരോഗ്യപ്രശ്നങ്ങളില്ലെന്നും വിചാരണയ്ക്ക് പ്രാപ്തനാണെന്നും കണ്ടെത്തി. ഇതോടെയാണ് വിചാരണ ആരംഭിച്ചത്.

KERALA
ജൂനിയർ അഭിഭാഷകയ്ക്ക് സീനിയറിന്‍റെ മർദനം: ബേയിലിൻ ദാസിനെ സസ്‌പെൻഡ് ചെയ്ത് തിരുവനന്തപുരം ബാർ അസോസിയേഷൻ
Also Read
user
Share This

Popular

NATIONAL
KERALA
'ഭാരത് മാതാ കീ ജയ്' കേവലമൊരു മുദ്രാവാക്യമല്ല, സൈനികരുടെ പ്രതിജ്ഞയാണ്: പ്രധാനമന്ത്രി