"യുഎസിൽ നിന്നും തിരിച്ചെത്തുന്ന ഇന്ത്യൻ കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാനുള്ള ഫണ്ട് കണ്ടെത്തണം"; പഞ്ചാബ് സർക്കാരിനോട് എൻഎപിഎ

ഇതൊരു വ്യക്തിഗത പ്രശ്നമല്ല, മറിച്ച് ഇതൊരു സാമൂഹിക പ്രശ്നമാണെന്ന് സത്നം സിംഗ് ചാഹൽ പറഞ്ഞു
"യുഎസിൽ നിന്നും തിരിച്ചെത്തുന്ന ഇന്ത്യൻ കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാനുള്ള ഫണ്ട് കണ്ടെത്തണം"; പഞ്ചാബ് സർക്കാരിനോട് എൻഎപിഎ
Published on

യുഎസിൽ നിന്നും തിരികെ എത്തുന്ന അനധികൃത ഇന്ത്യക്കാൻ കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാനുള്ള ഫണ്ട് കണ്ടെത്തണമെന്ന് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ(എൻഎപിഎ) പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടു. മടങ്ങിയെത്തുന്നവർക്ക്, അവർക്ക് ജീവിക്കാൻ ആവശ്യമായ വിഭവങ്ങളും പിന്തുണയും നൽകാത്തത് കടുത്ത സാമൂഹിക വെല്ലുവിളി ഉയർത്തുമെന്ന കാര്യം എൻഎപിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സത്നം സിംഗ് ചാഹൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രശ്നം ഉടൻ തന്നെ പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് തൊഴിലില്ലായ്മ, മാനസികാരോഗ്യ പ്രശ്നങ്ങൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, എന്നിവ വർധിക്കാൻ കാരണമാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പഞ്ചാബിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 205 അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള യുഎസ് സൈനിക വിമാനം ഇന്ന് അമൃത്സറിൽ എത്തുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ആവശ്യമുന്നയിച്ച് കൊണ്ട് എൻഎപിഎ രംഗത്തെത്തിയത്.
"ചെറുപ്പക്കാരിൽ ഭൂരിഭാഗം പേരും, മികച്ച ജീവിത സാഹചര്യങ്ങൾ തേടിയും കുടുംബത്തിൻ്റെ അടിത്തറ മെച്ചപ്പെടുത്താൻ വേണ്ടിയുമാണ് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത്. അവരുടെ സ്വപ്നങ്ങളെല്ലാം തകർന്നു, അവരുടെ പ്രതീക്ഷകളും നഷ്ടപ്പെട്ടു. സാമ്പത്തിക പ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളുമായാണ് അവർ മടങ്ങിയെത്തുന്നത്. അവരുടെ ശരിയായ പുനരധിവാസം ഉറപ്പാക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്തമാണ്", സത്നം സിംഗ് ചാഹൽ പറഞ്ഞു.

ഈ വ്യക്തികൾക്ക് അവരുടെ ജീവിതം പുനർനിർമിക്കാൻ ആവശ്യമായ നൈപുണ്യ വികസന പരിപാടികൾ, തൊഴിലവസരങ്ങൾ, മാനസികാരോഗ്യ കൗൺസിലിംഗ് എന്നിവയ്ക്കായി ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതൊരു വ്യക്തിഗത പ്രശ്നമല്ല, മറിച്ച് ഇതൊരു സാമൂഹിക പ്രശ്നമാണ്. "ഇപ്പോൾ നടപടിയെടുക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടാൽ, യുവാക്കൾക്ക് മാത്രമല്ല, പഞ്ചാബിൻ്റെ സാമൂഹിക ഘടനയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും മൊത്തത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും", ചാഹൽ പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com