ചരിത്രത്തിന്റെ ഭാഗമായ ചിത്രം ആരെടുത്തതാണെന്ന് കൃത്യമായി പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
കിം ഫുക്, നിക്ക് ഉട്ട്
വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച 'നാ പാം പെണ്‍കുട്ടി'യുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറുടെ സ്ഥാനത്തുനിന്ന് നിക്ക് ഉട്ട് ഔട്ട്. ചിത്രത്തിന്റെ ക്രെഡിറ്റില്‍ നിന്ന് നിക്ക് ഉട്ടിനെ താല്‍ക്കാലികമായി ഒഴിവാക്കുകയാണെന്ന് വേള്‍ഡ് പ്രസ് ഫോട്ടോ വ്യക്തമാക്കി. ചരിത്രത്തിന്റെ ഭാഗമായ ചിത്രം ആരെടുത്തതാണെന്ന് കൃത്യമായി പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചിത്രമെടുത്തത് അസോസിയേറ്റഡ് പ്രസ് (എ.പി) ഫോട്ടോഗ്രാഫറായിരുന്ന നിക്ക് ഉട്ട് അല്ലെന്നും ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയിരുന്ന ന്യൂയെൻ ടാൻ നെ ആണെന്നും അവകാശപ്പെട്ടുകൊണ്ട് അടുത്തിടെ ‘ദി സ്ട്രിങ്ങർ’ എന്നൊരു ഡോക്യുമെന്ററി പുറത്തുവന്നിരുന്നു. ഇതോടെയാണ്, ഫോട്ടോഗ്രാഫറുടെ പേരിന്റെ സ്ഥാനത്ത് 'അണ്‍ നോണ്‍' എന്ന് ചേര്‍ക്കാന്‍ തീരുമാനം.
ചിത്രമെടുത്ത ഫോട്ടോഗ്രാഫറുടെ കര്‍തൃത്വം മാത്രമാണ് താല്‍ക്കാലികമായി ഒഴിവാക്കുന്നതെന്ന് വേള്‍ഡ് പ്രസ് ഫോട്ടോ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജൗമന എല്‍ സെയ്‌ന്‍ ഖൗരി അറിയിച്ചു. 1973ലെ ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്കാരം റദ്ദാക്കുന്നില്ല. ഫോട്ടോഗ്രാഫ് സംബന്ധിച്ച് തര്‍ക്കമൊന്നുമില്ല.വിയറ്റ്നാമിലും, അമേരിക്കയിലും, ആഗോളതലത്തിലും അലയടിച്ച ചരിത്രത്തിന്റെ നേര്‍ക്കാഴ്ചയെയാണ് ചിത്രം പ്രതിനിധീകരിക്കുന്നത് എന്നതിലും സംശയമില്ല. ഇരുപതാം നൂറ്റാണ്ടിലെ സുപ്രധാന മുഹൂര്‍ത്തമെന്ന നിലയില്‍, ചിത്രത്തിനുള്ള വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്കാരത്തിലും മാറ്റമില്ല. ചിത്രമെടുത്ത ഫോട്ടോഗ്രാഫറുടെ പേര് മാത്രമാണ് റദ്ദാക്കുന്നതെന്നും ജൗമന എല്‍ സെയ്‌ന്‍ ഖൗരി വ്യക്തമാക്കി. അതേസമയം, നിക്ക് ഉട്ടിനെതിരായി തെളിവുകള്‍ ഇല്ലാത്തതിനാല്‍, ക്രഡിറ്റ് അദ്ദേഹത്തിനു തന്നെ നല്‍കണമെന്നാണ് അസോസിയേറ്റഡ് പ്രസിന്റെ നിലപാട്.
യുഎസ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറായിരുന്ന നിക്ക് ഉട്ട് 1972 ജൂണ്‍ എട്ടിനാണ് ചിത്രം പകര്‍ത്തിയത്. നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റ പെൺകുട്ടി തീപിടിച്ച വസ്ത്രങ്ങൾ ഊരിയെറിഞ്ഞ്, പൊള്ളിയടർന്ന ദേഹവുമായി, സഹായത്തിനായി കൈകളുയർത്തി അലറിക്കരഞ്ഞുകൊണ്ട്, തെരുവിലൂടെ ഓടുന്നതായിരുന്നു ചിത്രം. ഒൻപതുകാരിയായ ഫാന്‍ തി കിം ഫുക് ആയിരുന്നു അന്ന് ട്രാങ് ബാങ് തെരുവിലൂടെ ഓടിയത്. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത പറഞ്ഞ ചിത്രം 'ദി ടെറർ ഓഫ് വാർ' എന്ന് പേരില്‍ പ്രശസ്തമായി. ചിത്രത്തിന് 1972ല്‍ പുലിറ്റ്സര്‍ പുരസ്കാരവും 1973ല്‍ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്കാരവും ലഭിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി യാതൊരു തര്‍ക്കവുമില്ലാതെ, അത് നിക്ക് ഉട്ടിന്റെ ചിത്രം മാത്രമായി നിലകൊണ്ടു.
കഴിഞ്ഞവര്‍ഷം അവസാനത്തോടെ, യു.എസിലെ യൂട്ടായിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘ദി സ്ട്രിങ്ങർ’ എന്ന ഡോക്യൂമെന്ററിയാണ് നാ പാം ഗേളിന് പുതിയ അവകാശിയെ പ്രഖ്യാപിച്ചത്. ചിത്രം എടുത്തത് നിക്ക് ഉട്ട് അല്ലെന്നും, ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയിരുന്ന ന്യൂയെൻ ടാൻ നെ ആണെന്നുമായിരുന്നു ദി സ്ട്രിങ്ങറിന്റെ അവകാശവാദം. വാർത്താസമ്മേളനത്തിൽ, ടാൻ നെയും ഇക്കാര്യം ആവര്‍ത്തിച്ചു. 1972 ജൂൺ എട്ടിനാണ് ആ ഫോട്ടോയെടുത്തത്. എൻബിസി വാർത്താസംഘത്തിനൊപ്പം ഡ്രൈവറായാണ് അന്നേദിവസം ട്രാങ് ബാങ്ങിലെത്തിയത്. അവിടെവച്ചാണ് ബോംബാക്രമണത്തിൽ പേടിച്ചരണ്ട്, നിലവിളിച്ച് നിരത്തിലൂടെ നഗ്നയായി ഓടിവരുന്ന പെൺകുട്ടിയുടെ ചിത്രമെടുത്തത്. സ്ട്രിങ്ങറെന്ന നിലയിൽ 20 ഡോളറിന് ചിത്രം എ.പിക്ക് വിറ്റു. ചിത്രത്തിന്റെ ഒരു പ്രിന്റ് അവർ നൽകിയിരുന്നു. എന്നാൽ ഭാര്യ അത് നശിപ്പിച്ചെന്നും നെ പറയുന്നു.
വിയറ്റ്‌നാമീസ് അമേരിക്കൻ ചലച്ചിത്രകാരൻ ബാവോ എൻഗുയെനാണ് ‘ദി സ്ട്രിങ്ങർ' സംവിധാനം ചെയ്തത്. ആംഗ്ലോ അമേരിക്കൻ ഫോട്ടോഗ്രാഫറും, സെവൺ ഫോട്ടോ ഏജൻസി സ്ഥാപകനുമായ ഗാരി നൈറ്റ് ഉൾപ്പെടെ, ഒരുപറ്റം സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരുടെ രണ്ട് വർഷത്തെ സത്യാന്വേഷണം എന്ന നിലയിലാണ് ഡോക്യുമെന്ററി പുറത്തുവിട്ടത്. വിയറ്റ്നാം യുദ്ധകാലത്ത് എ.പിയുടെ ഫോട്ടോ എഡിറ്ററായിരുന്ന കാൾ റോബിൻസനാണ് ഡോക്യുമെന്ററിയുടെ പ്രധാന സ്രോതസ്സുകളിലൊന്ന്. സ്ട്രിങ്ങറിൽനിന്ന് വാങ്ങിയ ഫോട്ടോ എപിയുടേതാക്കി മാറ്റാൻ സെയ്ഗോൺ ബ്യൂറോയിലെ ഫോട്ടോഗ്രഫി മേധാവിയായിരുന്ന ഹോഴ്സ്റ്റ് ഫാസ് നിർദേശിച്ചിരുന്നു. അങ്ങനെയാണ് നിക്ക് ഉട്ടിന്റെ പേരിൽ ചിത്രം പ്രസിദ്ധീകരിച്ചതെന്നാണ് റോബിൻസൻ ഡോക്യുമെന്ററിയില്‍ പറയുന്നത്.
അതേസമയം, ചിത്രം എടുത്തത് നിക്ക് ഉട്ട് തന്നെയാണെന്ന് ഉറപ്പിച്ച് എ.പിയും രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററിയെ കുറിച്ചുള്ള വാർത്തകൾ വന്നപ്പോൾ തന്നെ, എ.പി സ്വതന്ത്ര അന്വേഷണം നടത്തിയിരുന്നു. ജനുവരി 15ന് 22 പേജുള്ള അന്വേഷണ റിപ്പോർട്ട് എ.പി പുറത്തുവിട്ടു. 1972 ജൂൺ എട്ടിന് ചിത്രം എടുത്തത് സെയ്ഗോൺ ബ്യൂറോയിലെ സ്റ്റാഫായിരുന്ന നിക്ക് ഊട്ടാണ്. ഇരുപതാം നൂറ്റാണ്ടിൽ ഏറെ ആഘോഷിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ ചിത്രങ്ങളിലൊന്നാണത്. അര നൂറ്റാണ്ടിനിടെ ഫോട്ടോയിൽ നിക്ക് ഉട്ടിന്റെ കർത്തൃത്വം ചോദ്യം ചെയ്തുകൊണ്ട് ആരും രംഗത്തെത്തിയിട്ടില്ല. അന്ന് അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ, വിയറ്റ്നാമിലെ അന്നത്തെ സാഹചര്യങ്ങളെക്കുറിച്ച് നിരവധി എഴുതുകയും ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും ഇത്രയും പ്രശസ്തമായ ഫോട്ടോയുടെ ആധികാരികതയെക്കുറിച്ച് ആരും തർക്കം ഉന്നയിച്ചിട്ടില്ല. ചരിത്രരേഖയെ വെല്ലുവിളിക്കുന്ന ഒരു ഡോക്യുമെന്ററി അണിയറയിൽ ഒരുങ്ങുന്നതായി അറിഞ്ഞതിനെത്തുടർന്നാണ് ആറ് മാസത്തെ ഗവേഷണം നടത്തിയതെന്നും എ.പി വ്യക്തമാക്കിയിരുന്നു.
കിം ഫുക്ക് ഉൾപ്പെടെ ഓടിവരുന്ന അഞ്ച് കുട്ടികളും, സൈനികരുമാണ് ചിത്രത്തിലുള്ളത്. അതിൽ കിം ഫുക്കിനെ സെൻട്രലാക്കി ഫോട്ടോ ക്രോപ്പ് ചെയ്യുകയായിരുന്നു എന്ന് തെളിവുസഹിതം എ.പി വ്യക്തമാക്കിയിരുന്നു. അന്നേദിവസം ട്രാങ് ബാങ് തെരുവിലും, എ.പിയുടെ സെയ്ഗോൺ ബ്യൂറോയിലും ഉണ്ടായിരുന്ന ഏഴ് ദൃക്സാക്ഷികളുടെ മൊഴി ഉൾപ്പെടെ റിപ്പോർട്ടിലുണ്ട്. ഫോട്ടോ സംബന്ധിച്ച പുതിയ അവകാശവാദം തെറ്റാണെന്നും ഡോക്യുമെന്ററിയോട് യോജിക്കുന്നില്ലെന്നുമായിരുന്നു കാനഡയിലുള്ള കിം ഫുക്കിന്റെയും പ്രതികരണം. ഫോട്ടോ എടുത്തശേഷം നിക്ക് ഉട്ട് ഓടിപ്പോകുകയായിരുന്നില്ല. തന്നെ ആശുപത്രിയിലെത്തിച്ച്, ചികിത്സ ലഭ്യമാക്കിയത് നിക്ക് ഉട്ടായിരുന്നുവെന്ന കാര്യവും കിം ഫുക്ക് ആവർത്തിച്ചിരുന്നു.