
ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെലാവെയറിലെ ഗ്രീൻവില്ലെയിൽ യുഎസ് പ്രസിഡൻ്റിൻ്റെ സ്വകാര്യ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇൻഡോ- പസഫിക് മേഖലയുൾപ്പെടെയുള്ള ആഗോള, പ്രാദേശിക വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി.
യുഎസ് പ്രസിഡൻ്റിൻ്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ യുഎസ്-ഇന്ത്യ ഉഭയകക്ഷി പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിലാണ് ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. 2022-ൽ ചൈനീസ് ആധിപത്യത്തിനെതിരെ അമേരിക്കയും മറ്റ് 13 രാജ്യങ്ങളും ചേർന്ന് ആരംഭിച്ച ഇന്‍ഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിൻ്റെ കരാറുകളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനമാണ് മോദി-ബൈഡൻ കൂടിക്കാഴ്ചയുടെ മറ്റൊരു പ്രത്യേകത.
Also Read: ഭീകരാക്രമണങ്ങൾ തടയുന്നതില്‍ പ്രതിജ്ഞാബദ്ധം; ക്വാഡ് ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവനയുമായി ലോക നേതാക്കൾ
ചർച്ച വളരെ ഫലപ്രദമാണെന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ ബൈഡൻ്റെ സംഭാവനകളെയും മോദി അഭിനന്ദിച്ചു. 2023 ലെ തൻ്റെ യുഎസ് പര്യടനവും ജി 20 ഉച്ചകോടിക്കായുള്ള ബൈഡൻ്റെ ഇന്ത്യൻ സന്ദർശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ ആഴം പകർന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യയുമായുള്ള അമേരിക്കയുടെ അടുപ്പം ചരിത്രത്തിലെ ഏത് സമയത്തേക്കാളും ശക്തവും ചലനാത്മകവുമാണെന്നായിരുന്നു ബൈഡൻ്റെ പ്രതികരണം. ഓരോ കൂടിക്കാഴ്ചയിലും സഹകരണത്തിൻ്റെ പുതിയ മേഖലകൾ കണ്ടെത്താനാകുന്നതിൽ അത്ഭുതപ്പെടുന്നുവെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബൈഡൻ എക്സിൽ കുറിച്ചു.
യുഎസ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ, യുഎസ് പ്രതിനിധി ജെയ്ക് സള്ളിവൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.