യുഎസ് ഇല്ലാത്ത യൂറോപ്യൻ പ്രതിരോധം 'പ്രാവർത്തികമല്ല'; വ്യാപാര സംഘർഷങ്ങൾ സഖ്യത്തെ ബാധിക്കില്ലെന്ന് നാറ്റോ മേധാവി

ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നാറ്റോ മേധാവി
യുഎസ് ഇല്ലാത്ത യൂറോപ്യൻ പ്രതിരോധം 'പ്രാവർത്തികമല്ല'; വ്യാപാര സംഘർഷങ്ങൾ സഖ്യത്തെ ബാധിക്കില്ലെന്ന് നാറ്റോ മേധാവി
Published on

യുഎസും യൂറോപ്പും തമ്മലുള്ള വ്യാപാര വിഷയങ്ങളിലെ സംഘർഷങ്ങൾ സഖ്യത്തിന്റെ കൂട്ടായ പ്രതിരോധത്തെ ബാധിക്കില്ലെന്ന നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നാറ്റോ മേധാവി. യുഎസുമായുള്ള സുരക്ഷാ ബന്ധങ്ങൾ യൂറോപ് അവസാനിപ്പിക്കുമെന്ന വാർത്തകളും റുട്ടെ തള്ളി.


യുഎസിന്റെ പിന്തുണയില്ലാത്ത യൂറോപിന്റെ പ്രതിരോധ തന്ത്രം എന്നത് 'മൂഢൻ ചിന്ത' ആയിരിക്കുമെന്നും അത് പ്രാവർത്തികമല്ലെന്നുമായിരുന്നു നാറ്റോ മേധാവിയുടെ പ്രതികരണം. റഷ്യ അടക്കമുള്ള ഭീഷണികളെ നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണം. പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം ഐക്യത്തോടെ തുടരുക എന്നതാണ്. വൈറ്റ് ഹൗസ് ഉൾപ്പെടെ യുഎസിലും ഇതേ ചിന്താഗതി ഇപ്പോഴും പ്രബലമാണെന്ന് തനിക്കറിയാമെന്നും റുട്ടെ കൂട്ടിച്ചേർത്തു. നാറ്റോയിലെ മറ്റ് അം​ഗരാജ്യങ്ങൾ വേണ്ടത്ര പണം ചെലവഴിക്കുന്നില്ലെന്നും ഇങ്ങനെയാണെങ്കിൽ ആക്രമണമുണ്ടായാൽ യുഎസ് സംരക്ഷയ്‌ക്കെത്തില്ലെന്നുമുള്ള യുഎസ് പ്രസിഡന്റെ ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു മാർക്ക് റുട്ടെയുടെ പ്രതികരണം.

നാറ്റോയുടെ നിലവിൽ അം​ഗരാജ്യങ്ങളിൽ രണ്ട് ശതമാനം വീതം സാമ്പത്തിക സഹായമാണ് ആവശ്യപ്പെടുന്നത്. പല രാജ്യങ്ങളും തങ്ങളുടെ ജിഡിപിയിൽ ഈ തുക നാറ്റോയ്ക്കായി നീക്കിവയ്ക്കാൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ജിഡിപിയിലെ അഞ്ച് ശതമാനം നാറ്റോയ്ക്കായി ചെലവഴിക്കണമെന്നാണ് ട്രംപിന്റെ വാദം. പ്രതിരോധ മേഖലയ്ക്കായി 850 ബില്ല്യൺ നീക്കിവയ്ക്കുന്ന യുഎസാണ് നാറ്റോയിലെ പ്രധാന സൈനിക ശക്തി.

സഖ്യത്തിലെ ഒരു അംഗത്തിനെതിരെയുള്ള ആക്രമണം എല്ലാ അംഗങ്ങൾക്കുമെതിരായ ആക്രമണമാണെന്ന് പ്രസ്താവിക്കുന്ന നാറ്റോയുടെ കൂട്ടായ പ്രതിരോധ നയത്തോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയെ ട്രംപ് മുമ്പ് ചോദ്യം ചെയ്തിരുന്നു. യുറോപ്പിൽ ആകമാനം നിലയുറപ്പിച്ചിട്ടുള്ള നാറ്റോയാണ് റഷ്യക്കെതിരായുള്ള യുദ്ധത്തിൽ യുക്രെയ്ന് വലിയ തോതിൽ സഹായം നൽകി വരുന്നത്. ട്രംപിന്റെ നയവ്യതിയാനങ്ങൾ യുക്രെയ്നെ സാരമായി ബാധിക്കും. യുഎസ് സാമ്പത്തിക സൈനിക സഹായങ്ങൾ പരിമിതിപ്പെടുത്തിയാൽ നാറ്റോയ്ക്ക് യുക്രെയ്നുള്ള സഹായം തുടരാൻ ബുദ്ധിമുട്ടാകും.

ട്രംപ് അധികാരത്തിൽ എത്തിയത് മുതൽ യുറോപ്യൻ യൂണിയനിൽ വലിയ ആശങ്കകൾ നിലനിൽ‌ക്കുന്നുണ്ട്. അതിൽ ഒന്നാണ് യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തുമെന്ന ഭീഷണി. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്ക് ട്രംപ് ഉയർന്ന താരിഫ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഈ നിലപാടിൽ മയം വരുത്തി മെക്സിക്കോയ്ക്കു മേൽ ചുമത്തിയ ഇറക്കുമതി തീരുവ താൽക്കാലികമായി നിർത്തിവച്ചു.

അതേസമയം, ഡൊണാൾഡ് ട്രംപ് തീരുവ ഏർപ്പെടുത്തിയാൽ അതേനാണയത്തിൽ തിരിച്ചടിക്കണമെന്നാണ് ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗത്തിന്റെ മുന്നറിയിപ്പ്. വൻതോതിൽ തീരുവ ചുമത്തുമെന്ന ഭീഷണി ട്രംപ് നടപ്പിൽ വരുത്തിയാൽ യൂറോപ്യൻ യൂണിയൻ തങ്ങളുടെ ശക്തി തെളിയിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. റഷ്യയെ നേരിടാൻ യൂറോപ്പിന്റെ പ്രതിരോധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളുടെ നേതാക്കൾ ബെൽജിയൻ തലസ്ഥാനത്ത് ബ്രിട്ടന്റെ പ്രധാനമന്ത്രിയുമായും നാറ്റോ മേധാവിയുമായും യോ​ഗം ചേർന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com