
നവരാത്രി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ പരിസമാപ്തി കുറിച്ചുകൊണ്ട് ഇന്ന് വിജയദശമി. അറിവിന്‍റെ ആദ്യാക്ഷരം നുണഞ്ഞുകൊണ്ട് ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് വിദ്യാരംഭം കുറിക്കും. വിജയദശമി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് വിദ്യാരംഭത്തിനായി ഒരുക്കിയിട്ടുള്ളത്.
കോട്ടയത്തെ പനച്ചിക്കാടും തിരൂര്‍ തുഞ്ചന്‍ പറമ്പിലും ഒരുക്കിയിട്ടുള്ള സരസ്വതി മണ്ഡപങ്ങളിലേക്ക് ഹരിശ്രീ കുറിക്കാന്‍ കുട്ടികളുമായി രക്ഷിതാക്കള്‍ രാവിലെ മുതല്‍ എത്തിത്തുടങ്ങി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഇന്നും വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിൽ നിന്നുള്ളവരാണ് തൊഴാനെത്തുന്നവരിലേറെയും.
ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛൻ്റെ ജന്മനാടായ തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭ ചടങ്ങുകൾ പുലർച്ചെ അഞ്ച് മുതൽ ആരംഭിച്ചു. സരസ്വതി മണ്ഡപത്തിൽ 40 ഓളം എഴുത്തുകാരും കൃഷ്ണശിലാ മണ്ഡപത്തിൽ മൂന്ന് പാരമ്പര്യ എഴുത്താശാന്മാരുമാണ് കുരുന്നുകളുടെ നാവിൽ ഹരിശ്രീ കുറിച്ചുനൽകുന്നത്. ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ. ഗോപി തുടങ്ങി മലയാളസാഹിത്യ രംഗത്തെ നാല്പതോളം പ്രതിഭകളാണ് സരസ്വതി മണ്ഡപത്തിൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിച്ചുനൽകുന്നത്. പത്തു മണിയോടെ കവികളുടെ വിദ്യാരംഭ ചടങ്ങും നടക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ എം.ടി. വാസുദേവൻ നായർ ഇത്തവണ തുഞ്ചൻപറമ്പിൽ എത്തില്ല.