സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ പ്രധാന കക്ഷികളൊന്നും തോമസ് കെ. തോമസിനെ അനൂകൂലിക്കുന്നില്ല
കൂറുമാറ്റ കോഴ വിവാദത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന് അനുകൂലമായി എന്‍സിപി അന്വേഷണ റിപ്പോർട്ട്. 100 കോടി കോഴയ്ക്ക് തെളിവില്ലെന്നും വിവാദത്തിന് പിന്നിൽ ആൻ്റണി രാജുവിൻ്റെ ഗൂഢാലോചനയാണെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍. റിപ്പോർട്ടിനു പിന്നാലെ, തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യം വീണ്ടും എന്‍സിപിയില്‍ ഉന്നയിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
എ.കെ. ശശീന്ദ്രന്‍ രാജിവെച്ചാല്‍ എന്‍സിപിക്ക് പകരം മന്ത്രിസ്ഥാനം നല്‍കേണ്ടെന്നാണ് സിപിഎം നേതൃത്വത്തിനുള്ളിലെ ധാരണ. തോമസ് കെ. തോമസിന് മന്ത്രി സ്ഥാനം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ എ.കെ. ശശീന്ദ്രന്‍ പക്ഷവും തീരുമാനിച്ചു. നിലവിലുള്ള മന്ത്രി സ്ഥാനം രാജിവച്ച് ഇല്ലാതാക്കുന്നത് വിഡ്ഢിത്തമാണെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ അനുകൂലികള്‍, സംഘടനാ നടപടി ഉണ്ടായാല്‍ എന്‍സിപി പിളരുമെന്ന സൂചനയും നല്‍കുന്നു. സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ പ്രധാന കക്ഷികളൊന്നും തോമസ് കെ. തോമസിനെ അനൂകൂലിക്കുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന നിയമസഭാ സമ്മേളനത്തിനിടെ, എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎയായ തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ അജിത് പവാർ വിഭാഗത്തിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെ അറിയിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആൻ്റണി രാജുവാണ് മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചതെന്നായിരുന്നു പുറത്തു വന്ന വിവരം.
എ.കെ. ശശീന്ദ്രന് പകരം എൻസിപി മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ. തോമസിന് വരാൻ കുരുക്കായത് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാനുള്ള നൂറ് കോടിയുടെ ഓഫറായിരുന്നു. എൻസിപിയിലെ അജിത് പവാർ പക്ഷത്തേക്ക് ചേരാൻ എംഎൽഎമാരായ കോവൂർ കുഞ്ഞുമോനും (ആർഎസ്‌പി) ആൻ്റണി രാജുവിനും (ജനാധിപത്യ കേരള കോൺഗ്രസ്) 50 കോടി വീതം വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആൻ്റണി രാജു മുഖ്യമന്ത്രിയോട് സമ്മതിക്കുകയും ചെയ്തു. എന്നാൽ, സംഭവം ഓർമയില്ലെന്നാണ് കോവൂർ കുഞ്ഞുമോൻ പ്രതികരിച്ചത്. തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നിഷേധിക്കാൻ കാരണം ഇതാണെന്നും മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടറിയേറ്റിൽ വിശദീകരിച്ചിരുന്നു.
Also Read: "ഒരു മര്യാദയുള്ള തുകയൊക്കെ വേണ്ടേ പറയാൻ"; കോഴ ആരോപണം അടിസ്ഥാനരഹിതമെന്ന് തോമസ് കെ. തോമസ്