
നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായി സിബിഐ. ബിഹാറിലെ ഹസാരിബാഗിൽ നിന്നുമാണ് ചോദ്യപേപ്പർ മോഷ്ടിച്ച പങ്കജ് കുമാറും കൂട്ടാളി രാജു സിങ്ങും പിടിയിലാവുന്നത്. എൻഐടി ജംഷഡ്പൂർ സിവിൽ എൻജിനിയറിങ്ങ് ബിരുദധാരിയാണ് ആദിത്യ എന്ന പേരിലറിയപ്പെടുന്ന പങ്കജ് കുമാർ.
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുടെ ഉത്ഭവസ്ഥാനം ഹസാരിബാഗാണെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. ഹസാരിബാഗിലെ ഒയാസിസ് സ്കൂളിൽ നിന്നാണ് പേപ്പർ ചോർന്നത്. അവിടെയെത്തിയ രണ്ട് സെറ്റ് പേപ്പറുകളുടെ സീൽ പൊട്ടിയിട്ടുണ്ടെന്ന് കണ്ട സ്കൂളിലെ ജീവനക്കാർ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നതിന് പകരം മൗനം പാലിച്ചുവെന്നും സിബിഐ ഉദ്യോഗസ്ഥർ പറയുന്നു.
സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പട്നയിലെ ലേൺ ആൻഡ് പ്ലേ സ്കൂളിലും തെരച്ചിൽ നടത്തിയിരുന്നു. അവിടെ ചോദ്യ പേപ്പറുകൾ കത്തിച്ച നിലയിൽ കണ്ടെടുത്തതായും സിബിഐ വ്യക്തമാക്കി. ഈ കേസ് ബിഹാർ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് ഏറ്റെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
നീറ്റ് പരീക്ഷ ഉൾപ്പെടെയുള്ള വിവിധ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട ദേശീയ റാക്കറ്റിനെ കുറിച്ച്, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയും സിബിഐയും അന്വേഷിച്ച് വരികയാണ്. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒരു സ്കൂളിലെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ഉൾപ്പെടെ അറുപതിലധികം പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.