ഫൈനലില്‍ അഞ്ച് മൈക്രോ സെക്കൻഡിൻ്റെ വ്യത്യാസത്തിൽ ഫിനിഷ് ചെയ്താണ് കാരിച്ചാൽ ട്രോഫിയില്‍ മുത്തമിട്ടത്
70-ാമത് നെഹ്റു ട്രോഫിയിൽ പുന്നമടക്കായലിനെ ആവേശത്തിമിര്‍പ്പിലാക്കി ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനൽ. പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ കാരിച്ചാലാണ് ഇത്തവണയും ജലരാജാവായത്. ഇത് അഞ്ചാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന് കിരീടം സ്വന്തമാകുന്നത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബിൻ്റെ കാരിച്ചാല്‍, നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം, വിബിസി കൈനകരിയുടെ വീയപുരം, കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം എന്നീ നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ അഞ്ച് മൈക്രോ സെക്കൻഡിൻ്റെ വ്യത്യാസത്തിൽ ഫിനിഷ് ചെയ്താണ് കാരിച്ചാൽ ട്രോഫിയില്‍ മുത്തമിട്ടത്. അഞ്ച് ഹീറ്റ്‌സിലായി ഏറ്റവും മികച്ച സമയം കുറിച്ച നാല് ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലിലെത്തിയത്.
ഫൈനലിലെത്തിയ ചുണ്ടൻ വള്ളങ്ങൾ എടുത്ത സമയം
1. കാരിച്ചാൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) 4.29.785
2. വീയപുരം (വി.ബി.സി കൈനകരി ബോട്ട് ക്ലബ്) 4.29.790
3. നടുഭാഗം (കുമരകം ടൗൺ ബോട്ട് ക്ലബ്) 4.30.13
4. നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്) 4.30.56
ഇത്തവണ നെഹ്റു ട്രോഫിയിൽ 19 ചുണ്ടൻ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മാറ്റുരച്ചത്. പായിപ്പാടന്‍ നമ്പര്‍ 2, ആലപ്പാടന്‍, ആയാപറമ്പ് പാണ്ടി, ആനാരി, ശ്രീവിനായകന്‍, ചമ്പക്കുളം, സെന്റ് ജോര്‍ജ്, ജവഹര്‍ തായങ്കരി, ചെറുതന ചുണ്ടന്‍, തലവടി ചുണ്ടന്‍, സെന്റ് പയസ്, പായിപ്പാടന്‍, നിരണം ചുണ്ടന്‍, വീയപുരം, നടുഭാഗം, കരുവാറ്റ, വലിയദിവാന്‍ജി, മേല്‍പ്പാടം, കാരിച്ചാല്‍ എന്നീ ചുണ്ടൻ വള്ളങ്ങളാണ് കളത്തിലിറങ്ങിയത്.
READ MORE: വെള്ളിക്കപ്പിനായി വീറോടെ ചുണ്ടന്‍ വള്ളങ്ങള്‍; നെഹ്‌റു ട്രോഫി വള്ളംകളി ഫൈനലില്‍ ഇവര്‍
74 വള്ളങ്ങൾ ഒമ്പത് വിഭാഗങ്ങളിലായാണ് ഇക്കുറി മാറ്റുരച്ചത്. മൂന്ന് മണിയോടെയാണ് പുന്നമടയെ ആവേശം കൊള്ളിച്ച് ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്‌സ് ആരംഭിച്ചത്. ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കിയാണ് ആവേശത്തിരയിളക്കി പുന്നമട കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടന്നത്.