
നെറ്റ്ഫ്‌ളിക്‌സ് സീരീസായ 'IC 814 ദി കാണ്ഡഹാര്‍ ഹൈജാക്കി'നെ തുടര്‍ന്നുള്ള വിവാദത്തിന് പിന്നാലെ സീരിസിൽ പുതിയ ഓപ്പണിങ്ങ് ഡിസ്ക്ലെയ്മർ ഉൾപ്പെടുത്തി കമ്പനി. കാണ്ഡഹാര്‍ ഹൈജാക്കിങ്ങിന് പിന്നാലുള്ള യഥാർത്ഥ കുറ്റവാളികളുടെ പേരുൾപ്പെടുത്തിയാണ് പുതിയ ഡിസ്ക്ലെയ്മർ. ഭീകരരുടെ പേര് മാറ്റിയത് ചരിത്രപരമായ വസ്തുതകളുടെ വളച്ചൊടിക്കലാണെന്നും ഇത് തീവ്രവാദികളുടെ യഥാർത്ഥ വ്യക്തിത്വങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുവെന്നുമുള്ള വിമർശനങ്ങളാണ് സീരിസിനെതിരെ ഉയർന്നത്. തുടർന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെര്‍ഗിലിനെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കഴിഞ്ഞദിവസം വിളിപ്പിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നെറ്റ്ഫ്ലിക്‌സിൻ്റെ നടപടി.
“1999-ൽ ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 814 ഹൈജാക്ക് ചെയ്തതിനെക്കുറിച്ച് അറിവില്ലാത്ത പ്രേക്ഷകർക്കായി, ഹൈജാക്കർമാരുടെ യഥാർത്ഥ പേരുകൾ ഉൾപ്പെടുത്തി ഓപ്പണിംഗ് ഡിസ്ക്ലെയ്മർ പുതുക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് സമ്പന്നമായ സ്റ്റോറി ടെല്ലിങ്ങ് സംസ്കാരമുണ്ട്, ഈ കഥകളും അവയുടെ ആധികാരിക പ്രാതിനിധ്യവും പ്രദർശിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," മോണിക്ക ഷെര്‍ഗിൽ വ്യക്തമാക്കി.
അനുഭവ് സിൻഹയും ത്രിഷാന്ത് ശ്രീവാസ്തവയും ചേർന്ന് നിർമിച്ച വെബ് സീരിസ് ഓഗസ്റ്റ് 29നാണ് നെറ്റ്ഫ്ലിക്‌സിൽ പ്രദർശനത്തിനെത്തുന്നത്. പിന്നാലെ തന്നെ സീരിസിനും നെറ്റ്ഫ്ലിക്സിനുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളുയർന്നു. സീരിസിൽ വിമാനം റാഞ്ചിയ ഭീകരരുടെ പേര് മാറ്റിയെന്നാണ് പ്രധാന പരാതി. 2000 ജനുവരി 6ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ഇബ്രാഹിം അത്തര്‍, ഷാഹിദ് അക്തര്‍ സയ്യിദ്, സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂര്‍ ഇബ്രാഹിം, ഷാക്കിര്‍ എന്നിങ്ങനെയാണ് ഹൈജാക്കര്‍മാരുടെ പേരുകള്‍. എന്നാല്‍ ചീഫ്, ഡോക്ടര്‍, ബര്‍ഗര്‍, ഭോല, ശങ്കര്‍ എന്നീ പേരുകളാണ് ഹൈജാക്കര്‍മാര്‍ പരസ്പരം വിളിച്ചിരുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നത്. സീരീസില്‍ ഹൈജാക്കര്‍മാർക്ക് ഈ പേരുകൾ നൽകിയതോടെയാണ് വിമർശനമുയരുന്നത്.
സീരിസിലെ ദൃശ്യം
പേരുകൾ മാറ്റിയത് ചരിത്രപരമായ വസ്തുതകളുടെ വളച്ചൊടിക്കലാണെന്നും ഇത് തീവ്രവാദികളുടെ യഥാർത്ഥ വ്യക്തിത്വങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമർശകർ പറയുന്നു. പാകിസ്ഥാൻ ഭീകരർക്ക് ഹിന്ദു പേരുകൾ നൽകി അവരുടെ കുറ്റകൃത്യങ്ങൾ വെള്ളപൂശാനുള്ള അജണ്ടയാണ് സിനിമാ പ്രവർത്തകർ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചിരുന്നു.
1999 ഡിസംബര്‍ 24-ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 814 വിമാനം ഹൈജാക്ക് ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. വിമാനം നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. യാത്ര ആരംഭിച്ച ഉടന്‍ തന്നെ യാത്രക്കാരെന്ന വ്യാജേന അഞ്ച് ഹൈജാക്കര്‍മാര്‍ വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു.
പിന്നീട് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അമൃത്സര്‍, ലാഹോര്‍, ദുബായ് എന്നിവിടങ്ങളില്‍ വിമാനം ലാന്‍ഡ് ചെയ്തു. ഇതേ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, തീവ്രവാദികളായ മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ എന്നിവരെ ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കാന്‍ നിര്‍ബന്ധിതരായി. നസീറുദ്ദീന്‍ ഷാ, പങ്കജ് കപൂര്‍, വിജയ് വര്‍മ്മ, ദിയ മിര്‍സ തുടങ്ങിയവരാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.