നയാബ് സിംഗ് സൈനി കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തതിൻ്റെ പിന്നാലെയായിരുന്നു അനിൽ വിജിൻ്റെ പ്രതികരണം
മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഇതുവരെ ചെയ്തിട്ടുണ്ടെന്നും ഹരിയാനയിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രിയും ബിജെപി നേതാവുമായ അനിൽ വിജ്. തനിക്ക് മുഖ്യമന്ത്രിയാകാൻ താൽപ്പര്യമില്ലെന്നും ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തൻ്റെ അനുയായികൾക്കും പ്രവർത്തകർക്കും ഇടയിൽ പ്രചരണം നടന്നിരുന്നു. എന്നാൽ, ഇതുവരെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം താൻ ഏറ്റെടുത്തിട്ടുണ്ടെന്ന് അനിൽ വിജ് പറഞ്ഞു. നയാബ് സിംഗ് സൈനി കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തതിൻ്റെ പിന്നാലെയായിരുന്നു അനിൽ വിജിൻ്റെ പ്രതികരണം.
മുൻ ഹരിയാന സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന അനിൽ വിജ് കഴിഞ്ഞ ദിവസം പുതിയ മന്ത്രിസഭയിൽ മന്ത്രിയായി ചുമതലയേറ്റെടുത്തിരുന്നു. നേരത്തെ നയാബ് സിംഗ് സൈനിയെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിനെ സംബന്ധിച്ച് പാർട്ടിയിൽ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. അനിൽ വിജ് മുഖ്യമന്ത്രിയായേക്കുമെന്നും അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ, പിന്നീട് ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നയാബ് സിംഗ് സൈനിയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് സൈനിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
ALSO READ: നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; മരണസംഖ്യ 153 ആയി
ബിജെപി എംഎൽഎമാരായ ആർതി സിംഗ് റാവു, രാജേഷ് നഗർ, ഗൗരവ് ഗൗതം, അരവിന്ദ് കുമാർ ശർമ്മ, ശ്യാം സിംഗ് റാണ, രൺബീ സിംഗ് ഗാണ്ഡ്വ, കൃഷൻ ബേദി തുടങ്ങിയവരും തുടങ്ങിയവരും കഴിഞ്ഞ ദിവസം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചണ്ഡീഗഡിനടുത്തുള്ള പഞ്ച്കുലയിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി പ്രമുഖ കേന്ദ്ര നേതാക്കൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു.