
വയനാട് ചൂരൽമലയിൽ പുതിയ പാലം വരുന്നു. പാലം നിർമിക്കാൻ ധന വകുപ്പ് 35 കോടി രൂപ അനുവദിച്ചു. വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കുമെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ചൂരൽമല ടൗണിൽ നിന്ന് മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലത്തിന്റെ നിർമാണം.
പാലത്തിൻ്റെ നിർമാണത്തിനായി ഏകദേശം 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽ നിന്ന് മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമിക്കുന്നത്.
ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമിതി. കഴിഞ്ഞ ദുരന്തകാലത്ത് പുഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. മുൻപുണ്ടായിരുന്ന പാലത്തിനേക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും. ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും.
ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്. വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിർമിക്കുക. കഴിഞ്ഞ വർഷം ജൂലൈ 30നാണ് ഉരുൾപ്പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പാലം ഒലിച്ചുപോയത്.