അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് ഒരു കോടി രൂപ, പൂർണ വൈകല്യം സംഭവിച്ചാൽ ഒരു കോടി, ഭാഗിക വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇൻഷൂറൻസ് പ്രയോജനം ലഭിക്കുക
കെഎസ്ആർടിസി സ്ഥിരം ജീവനക്കാർക്ക് സൗജന്യ മെഡിക്കൽ ഇൻഷൂറൻസ് പാക്കേജ് അവതരിപ്പിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. എസ്ബിഐയും കെഎസ്ആടിസിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് ഒരു കോടി രൂപ, പൂർണ വൈകല്യം സംഭവിച്ചാൽ ഒരു കോടി, ഭാഗിക വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇൻഷൂറൻസ് പ്രയോജനം ലഭിക്കുക. ഇൻഷുറസിൽ ഒരു പ്രീമിയവും ജീവനക്കാർ അടയ്‌ക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: സംവിധായകർ പ്രതിയായ ലഹരിക്കേസ്: സമീർ താഹിർ അറസ്റ്റിൽ
കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടാൽ മാത്രമല്ല ൃജീവനക്കാർ സ്വകാര്യ ആവശ്യങ്ങൾക്ക് പോകുമ്പോൾ അപകടത്തിൽപെട്ടാലും ഇൻഷുറൻസ് ലഭിക്കും. ജൂൺ മാസം നാല് മുതലാണ് പദ്ധതി നിലവിൽ വരിക. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരെ മുഴുവൻ കാൻസർ പരിശോധനക്ക് വിധേയമാക്കും. ഡ്രൈവർ / കണ്ടക്ടർ ജോലിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരുണ്ടെങ്കിൽ അവരെ ഓഫീസ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കും. ആരോഗ്യ പ്രശ്നമുള്ളവരെ കൃത്യമായി വിന്യസിപ്പിക്കുകയും ചെയ്യാൻ കഴിയുന്ന ചെറിയ ജോലികൾക്ക് നിയോഗിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാമറ സ്ഥാപിക്കുവാനും തീരുമാനമായി. അഞ്ച് ക്യാമറകളാണ് ഒരു ബസിൽ സ്ഥാപിക്കുക. വിദ്യാർഥി കൺസിഷനായി സ്മാർട്ട് കാർഡുകൾ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഇത് മൊബൈൽ ആപ്പിലൂടെ പുതുക്കാനും സാധിക്കും. സ്കൂൾ തുറക്കുന്നതു മുതലാണ് സ്മാർട്ട് കാർഡ് നിലവിൽ വരിക.
അതേസമയം, 100 കോടി ഓവർഡ്രാഫ്റ്റെടുത്ത് ശമ്പളം കൊടുക്കുന്നത് നഷ്ടമെന്ന ആൻ്റണി രാജുവിൻ്റെ പ്രസ്ഥാവനയ്ക്കും മന്ത്രി മറുപടി നൽകി. "സാമ്പത്തിക ശാസ്ത്രത്തിൽ ഞാൻ വിദഗ്ധനല്ല. ഗണേഷ്കു മാറിൻ്റെ വീട്ടിൽ നിന്നല്ല ശമ്പളം കൊടുക്കുന്നത്. ഒന്നാം തീയതി ശമ്പളം കൊടുക്കണം, മുഖ്യമന്ത്രിയുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ മുഖ്യമന്ത്രിയോട് പറയട്ടെ" എന്നും മന്ത്രി വ്യക്തമാക്കി.