IMPACT | പുഴുവരിച്ച അരിക്ക് പകരം ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതർക്ക് പുതിയ അരി നൽകിത്തുടങ്ങി

ദുരിത ബാധിതർക്ക് പുഴുത്ത അരി നൽകിയ വാർത്ത ആദ്യം പുറത്തുവിട്ടത് ന്യൂസ്‌ മലയാളമാണ്
IMPACT | പുഴുവരിച്ച അരിക്ക് പകരം ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതർക്ക് പുതിയ അരി നൽകിത്തുടങ്ങി
Published on


വയനാട്ടിൽ പഴകിയ അരി പിടികൂടിയ സംഭവം വിവാദമായതിന് പിന്നാലെ ചൂരൽമല, മുണ്ടക്കൈ ദുരിത ബാധിതർക്ക് പുതിയ അരി നൽകി തുടങ്ങി. ഡെപ്യൂട്ടി കളക്ടർ നേരിട്ടെത്തി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതോടെ അരി വിതരണം തുടങ്ങിയിട്ടുണ്ട്. പുഴുത്ത അരി നൽകിയ വാർത്ത ആദ്യം പുറത്തുവിട്ടത് ന്യൂസ്‌ മലയാളമാണ്.

വിതരണം ചെയ്തത് റവന്യൂ വകുപ്പിൽ നിന്ന് കിട്ടുന്ന അരിയും സാധനങ്ങളുമാണെന്ന് മേപ്പാടി പഞ്ചായത്തിലെ യുഡിഎഫ് മെമ്പർമാർ ആരോപിച്ചിരുന്നു. കിറ്റ് വിതരണത്തിലെ പഴി കേൾക്കാൻ ഇനി പഞ്ചായത്ത് ഇല്ലെന്നും റവന്യൂ വകുപ്പ് നേരിട്ട് വിതരണം ചെയ്തോട്ടെയെന്നും പഞ്ചായത്ത് അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ പഞ്ചായത്തിൻ്റെ ആരോപണങ്ങൾ തള്ളി മന്ത്രി കെ. രാജൻ രംഗത്തെത്തി. റവന്യൂ വകുപ്പ് നൽകിയ ഒന്നിലും കേടുപാടുകൾ ഇല്ലെന്നും സംഭവത്തിൽ കളക്ടറോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൂരൽമല, മുണ്ടക്കൈ ദുരിത ബാധിതർക്ക് പുതിയ അരി വിതരണം ചെയ്തു തുടങ്ങിയത്. സംഭവം ഗൗരവതരമായി പരിശോധിക്കേണ്ടതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

"മേപ്പാടി പഞ്ചായത്തിലെ ചിലർ പറയുന്ന രണ്ടു ദിവസങ്ങളിൽ റവന്യൂ വകുപ്പ് റവയും മൈദയും നൽകിയിട്ടില്ല. കൊടുക്കാത്ത മൈദ പൂത്തുവെന്നാണ് ഇപ്പോൾ പറയുന്നത്. സെപ്റ്റംബർ ഒമ്പതിനാണ് റവയും മൈദയും ജില്ലാ ഭരണകൂടം ഒടുവിൽ കൊടുത്തത്. ആ പാക്കറ്റുകളാണ് ഇപ്പോൾ വിതരണം ചെയ്തതെങ്കിൽ ഗുരുതരമായ തെറ്റാണ് പഞ്ചായത്ത് ചെയ്തത്. അത് വിതരണം ചെയ്യാൻ പാടില്ല. എന്തുകൊണ്ട് അത് രണ്ട് മാസം എടുത്തുവെച്ചു എന്നത് പഞ്ചായത്ത് വ്യക്തമാക്കണം," മന്ത്രി കെ. രാജൻ പറഞ്ഞു.

സംഭവത്തിൽ ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവിച്ചത് ഗുരുതരമായ വീഴ്‌ചയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് സർക്കാരിൻ്റെ നടപടി. കഴിഞ്ഞ ദിവസം യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളുടെ കിറ്റിലാണ് പുഴുവരിച്ചതും ദുർഗന്ധം വമിക്കുന്നതുമായ അരി വിതരണം ചെയ്തത്.

ഇത്തരത്തിൽ അരിയും മറ്റു ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത മേപ്പാടി പഞ്ചായത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. തൊഴിൽ പോലും ഇല്ലാത്ത സാഹചര്യത്തിൽ നിത്യവൃത്തിക്ക് വഴിയില്ലാതെ കഴിയുന്ന വയനാട് ദുരന്തബാധിതർക്ക് ഏക ആശ്രയമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com