
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റ് ജയം. അഞ്ചാം ദിനം 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനെത്തിയ ന്യൂസിലന്‍ഡ് ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി.
രചിന്‍ രവീന്ദ്ര (39), വില്‍ യങ് (45) എന്നിവരാണ് ന്യൂസിലന്‍ഡിനെ അനായാസം ജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. രചിന്‍ രവീന്ദ്ര തന്നെയാണ് കളിയിലെ കേമനായത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ മണ്ണിൽ ന്യൂസിലന്‍ഡിന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. സ്‌കോര്‍: ഇന്ത്യ 46, 462 & ന്യൂസിലന്‍ഡ് 402, 108.
ബെംഗളൂരുവിലെ ചിന്നസ്വാമിയിൽ ഇന്ത്യൻ ടീമിൻ്റെ കണ്ണീര് വീഴ്ത്തി ന്യൂസിലൻഡ് ചരിത്രവിജയമാണ് നേടിയത്. 1988ന് ശേഷം കീവീസ് പട ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിക്കുന്നത് ഇതാദ്യമായാണ്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ന്യൂസിലൻഡ് ഇന്ത്യയിൽ ടെസ്റ്റ് മത്സരം ജയിച്ചുകയറുന്നത്.
ആദ്യ ഇന്നിങ്സിലെ ഇന്ത്യയുടെ ബാറ്റിങ് തകർച്ചയാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാമിന്നിങ്സിൽ 106 റൺസ് ലീഡ് നേടിയെങ്കിലും സന്ദർശകർക്ക് വെല്ലുവിളി ഉയർത്താൻ അത് മതിയായിരുന്നില്ല. രണ്ടാമിന്നിങ്സിൽ ഇന്ത്യൻ വാലറ്റം നിരാശപ്പെടുത്തിയതും അർഹിച്ച സമനില തട്ടിയകറ്റി.